ഞാൻ ഒരു തുറന്ന പുസ്തകമാണ് ........
എഴുതി പൂർത്തിയാവാത്ത അദ്ധ്യായങ്ങൾ നിറഞ്ഞ ഒരു തുറന്ന പുസ്തകം...
ചില അദ്ധ്യായങ്ങൾ സുവർണ്ണ ലിപികളിൽ ഘനഗംഭീരമായി എഴുതിയിരിക്കുന്നു അവയിൽ ചില ദലങ്ങളിൽ വർണ്ണശബളമായ ചിത്രങ്ങളും ഇടംപിടിച്ചിരിക്കുന്നു... എന്നാൽ ചിലതിൽ കൂർത്ത മുനയുള്ള നാരായസൂചികൾ തുളഞ്ഞുകയറി ചോരപൊടിയുന്നു.... കണ്ണുനീരിൽ കുതിര്ന്ന ആ ദലങ്ങളിലൂടെ വിരലോടിക്കുമ്പോൾ വീണ്ടും മുറിവിൽ നിന്നും നിണം പോടിയുന്നുവോ??
മറ്റുചില അദ്ധ്യായങ്ങൾ തെളിയാത്ത മഞ്ഞ നിറത്തിൽ എഴുതപെട്ടവയാണ്... മറ്റാർക്കും എളുപ്പത്തിൽ വായിക്കാൻ പറ്റാത്ത എന്നാൽ തന്നെ മനസ്സിലാക്കിയവർക്കും ക്ഷമയോടെ വായിക്കാൻ മനസ്സുള്ളവർക്കും വേണ്ടി മാത്രം ..
ഈ പുസ്തകത്തിന് ആമുഖമില്ല അടിക്കുറിപ്പുകൾ ഇല്ല നിറയെ നിരൂപണങ്ങൾ മാത്രം...
ശരിയും തെറ്റുമായ വ്യഘ്യാനങ്ങളിൽ കുടുങ്ങി പ്രസാധകരില്ലാതെ തുന്നി ചേർത്ത ഒരു കേട്ട് കടലാസ്സുകൾ മാത്രമായി കഴിയുമ്പോളും ഇടക്കിടക്ക് വന്നകലുന്ന ബുദ്ധിജീവികൾ വായിച്ചുനോക്കി പരിഹസിച്ചു കടന്നുപോകുന്നു...
പുറം ചട്ടയിൽ തെളിഞ്ഞുകാണുന്ന കറുത്ത മുടിയിഴകളിൽ കട്ടപിടിച്ച ചോരയുടെ നിറം എന്തിനു പുരട്ടി ??? കണ്ണിൽനിന്നും ഇറ്റുവീഴുന്ന കണ്ണീർ കണത്തിനു ഇരുവശങ്ങൾ നൽകുമ്പോഴും അർഥം മനസ്സിലായില്ല.... പകൽവെളിച്ചത്തിലും ഇരുളിന്റെ മറയത്തു ഒളിക്കുന്ന അപകർഷതാബോധം എന്തിനായിരുന്നു?ചിരിക്കുന്ന പല്ലുകൾക്കിടയിൽ ഒന്നിന് വഞ്ചനയുടെ നിറം കൊടുത്തപപോളും സ്വയം ചോദിച്ചു "ഇത്രയ്ക്കു വേണോ".. പക്ഷെ പുറംചട്ട പുസ്തകത്തിന്റെ പ്രതിനിധി ആയത് അതിന്റെ തെറ്റാണോ??? അതും പൂർണ്ണം അല്ല...
പൂർണ്ണമായ ഒരു അദ്ധ്യായങ്ങളും ചിത്രങ്ങളും ആശയങ്ങളും ആദർശങ്ങളും ഈ പുസ്തകത്തിലില്ല... ആർക്കും പറഞ്ഞു കൊടുക്കാൻ തക്ക സന്ദേശങ്ങളും ഇല്ല ഗുണപാOങ്ങളും ഇല്ല... എല്ലാറ്റിലും ഉപരി വിരസമെങ്കിലും പറഞ്ഞു പറഞ്ഞു പോകാൻ ആവുന്ന ഒരു "കഥ" പോലുമില്ല..
പിന്നെ എന്തിനു ഈ പുസ്തകം ?? വലിച്ചുകീറി അടുപ്പതിട്ടാൽ കത്താൻ പോലും ത്രാണി ഇല്ലാത്ത ഈ പുസ്തകം എന്തിനാരുന്നു? പുകഞ്ഞു പുകഞ്ഞു ഒരു പിടി ചാരമായി മണ്ണിൽ ചേർന്നാലും വിഷം വിളയിക്കുന്ന കനൽകൂമ്പാരങ്ങൾ ആകുമോ?
ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു വേഗം സാരിത്തലപ്പു തലയിലിട്ട് ഇറങ്ങിനടന്നു ചാറ്റൽ മഴയിൽ നടന്നകലുന്ന അവ്യക്തമായ രൂപം കണ്ണിൽ നിന്നും മായുന്നത് വരെ അത് സ്വപ്നമാണെന്ന് വിശ്വസിക്കാനായില്ല....
