കട്ടപിടിച്ച ഇരുട്ടിന്റെ മറവിൽ നിന്നും ഒരു നിഴൽ രൂപം...അയാൾ
കാരിരുമ്പിന്റെ കരുത്തുള്ള ആ കൈകളിൽ ഞരമ്പുകൾ തെളിഞ്ഞു നിന്നിരുന്നു . കൂരിരുട്ടിലും കണ്ണുകൾ വെട്ടിത്തിളങ്ങി ചുണ്ടിൽ പരന്ന ക്രൂരമായ ചിരിയിലും മനസ്സലിയിക്കുന്ന വശ്യത നിറഞ്ഞു നിന്നിരുന്നു. അലയടിക്കുന്ന ആ മാസ്മരികമായ ചിരിയുടെ ശബ്ദം എങ്ങും നിറഞ്ഞു നിന്നു. അതായിരുന്നു അയാൾ...
മനംമയക്കുന്ന ശബ്ദവും വശ്യമായ സംസാരവും അയാളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നത്ര ശക്തിയുള്ളതായിരുന്നു. ഇരുട്ടിൽ പതിയിരുന്നു നമുക്ക് മാത്രം കാണുന്ന വെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ടു അയാൾ ഒരു മായാജാലക്കാരനെപ്പോലെ വേഷംമാറി ഒരു തികഞ്ഞ നടനെ പോലെ വിദഗ്ധമായി അഭിനയിച്ചു .
നിറംപകർന്ന സ്വപ്നങ്ങൾക്ക് ചിറക് വച്ച് ആകാശത്തേക്ക് ഉയരാൻ പഠിപ്പിച്ച അയാൾ ആരായിരുന്നു ?? ഏകാന്തതയിൽ ആശ്വസിപ്പിച്ചു ദുർബലമായ കൈകളെ ആ ബലിഷ്ഠമായ കരങ്ങളിൽ താങ്ങി.. നിറയുന്ന കണ്ണിലെ കണ്ണുനീർ തുടച്ചു നെഞ്ചോടു ചേർത്തത് എന്തിനായിരുന്നു? വീണാലും നിസാര പരിക്കുകളാൽ രക്ഷപെടാവുന്ന ദുഃഖ കുഴികളിൽ നിന്ന് അഗാധ കയങ്ങളിലേക്കു തള്ളിവിട്ടു മറയാൻ മാത്രം ശത്രുത അയാൾക്കെന്തിന് ? ഈ ചോദ്യങ്ങൾ എല്ലാം നിശ്ചലമായ ചുവരുകളോട് ചോദിക്കായിരുന്നു വിധി.. വിചാരങ്ങൾക്കു ഒഴുകുവാനുള്ള ചെറു തൊടുകൾപോലും അടച്ചു ഇരുളിലേക്ക് തന്നെ പോയിമറഞ്ഞു.. തിളങ്ങുന്ന കണ്ണുകളുള്ള അയാൾ.
വേഷപ്രച്ഛന്നനായി സ്വന്തം യാഥാർഥ്യത്തെ വെളിപ്പെടുത്താതെ നിർദയം വേഷങ്ങൾ മാറി മാറി അണിഞ്ഞു ദുർബല ഹൃദയങ്ങളെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു...പുതിയ പുതിയ ഇരുൾമറകൾ തേടി നടക്കുന്നു. നിഴലിക്കുന്ന വെളുത്ത വെളിച്ചത്തിൽ അയാൾ തന്റെ പുഞ്ചിരിയിൽ ഒളിപ്പിച്ച ക്രൂരമായ അമ്പുകൾക്കൊണ്ടു വേട്ടയാടി സമർത്ഥനായ തേരാളിയെപ്പോലെ വിജയക്കൊടിപാറി മുന്നേറിക്കൊണ്ടേ ഇരിക്കുന്നു...