Thursday, August 6, 2020

യാത്ര

 സ്നേഹമാണെന്നു സമർത്ഥിക്കാൻ എന്തെളുപ്പം... നിലനിൽപ്പില്ലാത്ത ഒന്നാണോ സ്നേഹം.. ഒരു ചുഴലിക്കാറ്റ് പോലെ നൈമിഷകമായി അകപ്പെട്ടുപോയപ്പോളും നിലനിൽപ്പിന്റെ ആവശ്യമായി എഴുതിത്ത ള്ളുമ്പോളും മനസ്സാക്ഷിയുടെ തുറിച്ചുനോട്ടങ്ങൾ പോലും നിർവികാരമായി നേരിട്ടപ്പോളും.. പിടിച്ചു വാങ്ങിയ സ്നേഹത്തിന് വേണ്ടിയാണ്‌ കടിച്ചുതൂങ്ങി നിൽക്കുന്നതെന്ന് എന്ന ബോധ്യം വന്നപ്പോളും തളരാതെ മുന്പോട്ടുപോയി.. തീർത്താൽ തീരാത്തത്ര ദൂരം മുൻപോട്ടു പോകണം എന്ന് മനസ്സിൽ ഉറപ്പിച്ച് കണ്ണുമടച്ചു പാഞ്ഞു.. ഉള്ളിലേക്ക് നോക്കാനോ  ഞാൻ എന്നു ചിന്തിക്കാനോ ഉള്ള ശക്തി അവശേഷിക്കുന്നില്ല ഒരു കടുകൊളം പോലും... യാത്ര തുടരുന്നു അന്ത്യത്തിന്റെ കാലോചകൾക്കു കാതോർത്തുകൊണ്ടു.. 

മരണത്തിനപ്പുറം ഉള്ള ലോകത്തെങ്കിലും സ്നേഹത്തിന്റെ അർത്ഥം അനുഭവിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു..

തൊലിക്കട്ടി കൂടിവരുന്നു... അപമാനങ്ങളും അഭിമാനക്ഷതങ്ങളും ഒരു ശീലമായി.. ഹൃദയം തൊടാത്ത ബന്ധങ്ങളുടെ ചുഴലിക്കാറ്റിൽ ആദർശങ്ങൾ ഹോമിക്കപ്പെടുമ്പോൾ നിസ്സഹായത മാത്രം കരഞ്ഞുവീങ്ങിയ കണ്ണുകൾകൊണ്ടു  തുറിച്ചു നോക്കുന്നു.. സ്വയം കൊഞ്ഞനംകുത്തുന്ന മനസ്സാക്ഷിക്കു മുൻപിൽ ശിക്ഷവാങ്ങാൻ ഒരു സ്കൂൾ കുട്ടിയെപ്പോലെ കൈനീട്ടി നിൽക്കുമ്പോളും പൊള്ളുന്ന അഭിമാനത്തിന്റെ പൈതൃകകണങ്ങൾ ഉൾവലിഞ്ഞു തലതാഴ്ത്തുന്നു.. തീരില്ലേ ഈ ആത്‍മ ഹിംസ.. നിയന്ത്രണം വിട്ടമനസ്സിനെ പിടിച്ചു നിർത്താൻ എന്നും ആവില്ല എന്നു ഒരു സ്വരം ഉള്ളിൽ നിന്നു പൊന്തി വരുന്നു.. പിതൃത്വം അലിഞ്ഞു തീർന്ന പഞ്ചഭൂതങ്ങളേ... എന്നെയും നിന്നിലേക്ക്‌ചേർക്കുക.. നിലനിൽപ്പില്ലാത്ത ഒന്നിലും അകപ്പെടാതെ നഷ്ടപ്പെട്ട സുരക്ഷകരവലയത്തിന്റെ ചൂടു പറ്റി ഒന്നുറങ്ങട്ടെ.. ദീർഘമായി..


Wednesday, November 20, 2019

പണയം വെച്ച പ്രണയം

പറയാതെ പറഞ്ഞ മിഴികളിലെ കഥകൾ
അവർ എന്നും പ്രണയിക്കുകയായിരുന്നു.. മരംകോച്ചുന്ന മഞ്ഞിലും ഇലപൊഴിയും ശിശിരത്തിലും ചുട്ടുപൊള്ളുന്ന വേനലിലും.. കനൽ അണയാത്ത ആ പ്രണയത്തിന്റെ ചൂടിൽ ചുറ്റിനും ഉള്ളവർ പൊള്ളിയപ്പോൾ നിലതെറ്റിയ ജീവിതത്തെ പിടിച്ചു നിർത്താൻ അവൾ പരിശ്രമിച്ചു.. കണ്ണുകൾ നിറയുന്നത് ഉള്ളിലെ നിലയില്ലാ ശോകക്കയങ്ങളിൽ നിന്നണെന്നു മറുപുറം അറിയിക്കാതെ ആ നൂൽപ്പലത്തിലൂടെ അവൾ നടന്നു.. അർത്ഥം നശിച്ച ജന്മത്തിലൂടെ..

Wednesday, March 7, 2018

അയാൾ

കട്ടപിടിച്ച ഇരുട്ടിന്റെ മറവിൽ നിന്നും ഒരു നിഴൽ രൂപം...അയാൾ 
കാരിരുമ്പിന്റെ കരുത്തുള്ള ആ കൈകളിൽ ഞരമ്പുകൾ തെളിഞ്ഞു നിന്നിരുന്നു . കൂരിരുട്ടിലും കണ്ണുകൾ വെട്ടിത്തിളങ്ങി ചുണ്ടിൽ പരന്ന ക്രൂരമായ ചിരിയിലും മനസ്സലിയിക്കുന്ന വശ്യത നിറഞ്ഞു നിന്നിരുന്നു. അലയടിക്കുന്ന ആ മാസ്മരികമായ ചിരിയുടെ ശബ്ദം എങ്ങും നിറഞ്ഞു നിന്നു. അതായിരുന്നു അയാൾ...
മനംമയക്കുന്ന ശബ്ദവും വശ്യമായ സംസാരവും അയാളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്നത്ര ശക്തിയുള്ളതായിരുന്നു. ഇരുട്ടിൽ പതിയിരുന്നു നമുക്ക് മാത്രം കാണുന്ന വെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ടു അയാൾ ഒരു മായാജാലക്കാരനെപ്പോലെ വേഷംമാറി ഒരു തികഞ്ഞ നടനെ പോലെ വിദഗ്ധമായി അഭിനയിച്ചു .
നിറംപകർന്ന സ്വപ്നങ്ങൾക്ക്  ചിറക് വച്ച് ആകാശത്തേക്ക് ഉയരാൻ പഠിപ്പിച്ച അയാൾ ആരായിരുന്നു ?? ഏകാന്തതയിൽ ആശ്വസിപ്പിച്ചു ദുർബലമായ കൈകളെ  ആ ബലിഷ്ഠമായ കരങ്ങളിൽ താങ്ങി.. നിറയുന്ന കണ്ണിലെ കണ്ണുനീർ തുടച്ചു നെഞ്ചോടു ചേർത്തത്‌ എന്തിനായിരുന്നു? വീണാലും നിസാര പരിക്കുകളാൽ രക്ഷപെടാവുന്ന ദുഃഖ കുഴികളിൽ നിന്ന്  അഗാധ കയങ്ങളിലേക്കു തള്ളിവിട്ടു മറയാൻ മാത്രം ശത്രുത അയാൾക്കെന്തിന് ? ഈ ചോദ്യങ്ങൾ എല്ലാം നിശ്ചലമായ ചുവരുകളോട് ചോദിക്കായിരുന്നു വിധി.. വിചാരങ്ങൾക്കു ഒഴുകുവാനുള്ള ചെറു തൊടുകൾപോലും അടച്ചു ഇരുളിലേക്ക് തന്നെ പോയിമറഞ്ഞു.. തിളങ്ങുന്ന കണ്ണുകളുള്ള അയാൾ.
വേഷപ്രച്ഛന്നനായി സ്വന്തം യാഥാർഥ്യത്തെ വെളിപ്പെടുത്താതെ നിർദയം വേഷങ്ങൾ മാറി മാറി അണിഞ്ഞു ദുർബല ഹൃദയങ്ങളെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു...പുതിയ പുതിയ ഇരുൾമറകൾ തേടി  നടക്കുന്നു. നിഴലിക്കുന്ന വെളുത്ത വെളിച്ചത്തിൽ അയാൾ തന്റെ പുഞ്ചിരിയിൽ ഒളിപ്പിച്ച ക്രൂരമായ അമ്പുകൾക്കൊണ്ടു വേട്ടയാടി സമർത്ഥനായ തേരാളിയെപ്പോലെ വിജയക്കൊടിപാറി മുന്നേറിക്കൊണ്ടേ ഇരിക്കുന്നു... 

Saturday, May 17, 2014

ഒരു തുറന്ന പുസ്തകം


ഞാൻ  ഒരു  തുറന്ന  പുസ്തകമാണ് ........

എഴുതി  പൂർത്തിയാവാത്ത അദ്ധ്യായങ്ങൾ നിറഞ്ഞ ഒരു  തുറന്ന പുസ്തകം...

ചില അദ്ധ്യായങ്ങൾ സുവർണ്ണ ലിപികളിൽ ഘനഗംഭീരമായി എഴുതിയിരിക്കുന്നു അവയിൽ  ചില ദലങ്ങളിൽ വർണ്ണശബളമായ ചിത്രങ്ങളും ഇടംപിടിച്ചിരിക്കുന്നു... എന്നാൽ ചിലതിൽ കൂർത്ത മുനയുള്ള നാരായസൂചികൾ തുളഞ്ഞുകയറി ചോരപൊടിയുന്നു.... കണ്ണുനീരിൽ കുതിര്ന്ന ആ ദലങ്ങളിലൂടെ വിരലോടിക്കുമ്പോൾ വീണ്ടും മുറിവിൽ നിന്നും നിണം പോടിയുന്നുവോ??

മറ്റുചില അദ്ധ്യായങ്ങൾ തെളിയാത്ത മഞ്ഞ നിറത്തിൽ  എഴുതപെട്ടവയാണ്... മറ്റാർക്കും എളുപ്പത്തിൽ വായിക്കാൻ പറ്റാത്ത എന്നാൽ തന്നെ മനസ്സിലാക്കിയവർക്കും ക്ഷമയോടെ  വായിക്കാൻ മനസ്സുള്ളവർക്കും  വേണ്ടി മാത്രം ..

 ഈ പുസ്തകത്തിന്‌ ആമുഖമില്ല അടിക്കുറിപ്പുകൾ ഇല്ല  നിറയെ നിരൂപണങ്ങൾ മാത്രം...
ശരിയും തെറ്റുമായ വ്യഘ്യാനങ്ങളിൽ കുടുങ്ങി പ്രസാധകരില്ലാതെ തുന്നി ചേർത്ത ഒരു കേട്ട് കടലാസ്സുകൾ മാത്രമായി കഴിയുമ്പോളും ഇടക്കിടക്ക് വന്നകലുന്ന ബുദ്ധിജീവികൾ വായിച്ചുനോക്കി പരിഹസിച്ചു കടന്നുപോകുന്നു...

പുറം ചട്ടയിൽ തെളിഞ്ഞുകാണുന്ന കറുത്ത മുടിയിഴകളിൽ കട്ടപിടിച്ച ചോരയുടെ നിറം എന്തിനു പുരട്ടി ??? കണ്ണിൽനിന്നും ഇറ്റുവീഴുന്ന കണ്ണീർ  കണത്തിനു ഇരുവശങ്ങൾ നൽകുമ്പോഴും അർഥം  മനസ്സിലായില്ല....  പകൽവെളിച്ചത്തിലും ഇരുളിന്റെ മറയത്തു ഒളിക്കുന്ന അപകർഷതാബോധം എന്തിനായിരുന്നു?ചിരിക്കുന്ന പല്ലുകൾക്കിടയിൽ ഒന്നിന് വഞ്ചനയുടെ നിറം കൊടുത്തപപോളും സ്വയം ചോദിച്ചു "ഇത്രയ്ക്കു വേണോ".. പക്ഷെ പുറംചട്ട പുസ്തകത്തിന്റെ പ്രതിനിധി ആയത് അതിന്റെ തെറ്റാണോ??? അതും പൂർണ്ണം അല്ല...

പൂർണ്ണമായ ഒരു അദ്ധ്യായങ്ങളും ചിത്രങ്ങളും ആശയങ്ങളും ആദർശങ്ങളും ഈ പുസ്തകത്തിലില്ല... ആർക്കും പറഞ്ഞു കൊടുക്കാൻ തക്ക സന്ദേശങ്ങളും ഇല്ല ഗുണപാOങ്ങളും ഇല്ല... എല്ലാറ്റിലും ഉപരി വിരസമെങ്കിലും പറഞ്ഞു പറഞ്ഞു പോകാൻ ആവുന്ന ഒരു "കഥ" പോലുമില്ല..

പിന്നെ എന്തിനു ഈ പുസ്തകം ?? വലിച്ചുകീറി അടുപ്പതിട്ടാൽ കത്താൻ പോലും ത്രാണി ഇല്ലാത്ത ഈ പുസ്തകം എന്തിനാരുന്നു? പുകഞ്ഞു പുകഞ്ഞു ഒരു പിടി ചാരമായി മണ്ണിൽ ചേർന്നാലും വിഷം വിളയിക്കുന്ന കനൽകൂമ്പാരങ്ങൾ ആകുമോ?

ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു വേഗം സാരിത്തലപ്പു തലയിലിട്ട്‌ ഇറങ്ങിനടന്നു ചാറ്റൽ മഴയിൽ നടന്നകലുന്ന അവ്യക്തമായ രൂപം കണ്ണിൽ  നിന്നും മായുന്നത് വരെ അത് സ്വപ്നമാണെന്ന് വിശ്വസിക്കാനായില്ല....