Tuesday, July 2, 2024

ഗുൽമോഹർ ഓർമ്മകൾ

നരച്ച ആകാശം മേഘക്കെട്ടുകളില്ലാതെ നിവർന്നു കിടന്നു. ആകാശത്തിന്റെ വക്കുകൾക്ക് തീപിടിച്ചപോലെ വാകപ്പൂക്കൾ വിടർന്നു നിന്നു. മലർന്നു കിടന്നു നോക്കുമ്പോൾ താനും ആകാശത്തേക്കെത്തിയത് പോലെ തോന്നി. വിജനമായ മൈദാനത്തിന്റെ മൂലയിൽ തലയ്ക്കു താഴെ കൈകൾ തിരുകി മാനം നോക്കി കിടക്കുന്നത് വൈകുന്നേരങ്ങളിലെ ശീലമായി മാറിക്കഴിഞ്ഞിരുന്നു. ഏകാന്തമായ രാത്രികൾക്കും ദിവസം മുഴുവൻ ഉള്ള ജോലിയുടെ സമ്മർദം ഫോൺ കോളുകൾ തിരക്ക് എല്ലാത്തിന്റെയും ഒടുവിൽ ഇങ്ങനൊരു ഇടവേള ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉന്മേഷഭരിതമാക്കി.

തനിക്കും ആകാശത്തിനും ഇടയിൽ യാതൊരു പ്രതിബന്ധങ്ങളും ഇല്ലാത്ത ആ കാഴ്ച ഒരു അത്‍ഭുതമായി തോന്നി. ഇടതൂർന്ന ഉയരമുള്ള കെട്ടിടങ്ങളും തിരക്കേറിയ വീഥികളും കോലാഹലങ്ങൾ നിറയുന്ന തെരുവുകളും എല്ലാം നിറഞ്ഞ ഈ ലോകത്തോട് വല്ലാത്ത മടുപ്പു തോന്നി.

ഏകാന്തമായ സായാഹ്നങ്ങൾ, ചിന്തകൾ, നെടുവീർപ്പുകൾ, ചുണ്ടിൽ വിരിയുന്ന പുഞ്ചിരികൾ, കണ്ണിൽ നിറയുന്ന കണ്ണുനീർ ഇതൊന്നും ആസ്വദിക്കാൻ തന്നെപോലെ ആർക്കുമാവില്ലെന്നു അവൾക്കു തോന്നി. പക്ഷെ പടിഞ്ഞാറു തുടുത്തു താഴുന്ന സൂര്യനെ പോലെ സത്യം ഇതൊക്കെ മാത്രം. 

ജീവിതത്തിലെ ചില അനുഭവങ്ങളും ഇതുപോലെ ആണ്. ദുരനുഭവങ്ങൾ എന്ന് മറ്റുള്ളവർ വിധി എഴുതുമ്പോളും ആ ഓർമകളുടെ ഊർജത്തിൽ ജീവിതത്തിന്റെ കുതിപ്പുകൾ നടത്തുന്നു തന്നെപോലെ ഉള്ളവർ.

എഴുന്നേറ്റ് അൽപനേരം ഗുൽമോഹർ മരത്തിൽ ചാരിയിരുന്നു ചിന്തിച്ചു.. വരണ്ട കൈതലങ്ങൾ തമ്മിൽ ഉരസി കണ്ണുകൾ മൂടി.. ഒന്നു relax ചെയ്യാൻ ആരോ പണ്ട് പറഞ്ഞു കൊടുത്തതാണ്. ചിന്തകളുടെ നൂൽകുരുക്കുകൾ അഴിക്കുമ്പോൾ ഓർമ്മകൾ മുൻപിലേക്കു ചിതറി വീണു. ചിലത് നല്ലതെന്നും ചിലത് മോശമെന്നും വേർതിരിക്കുവാനാവാത്ത ഓർമകളുടെ കൂമ്പാരങ്ങൾ.. ചിലത് ചുണ്ടിൽ പുഞ്ചിരി വിടർത്തുമ്പോൾ മറ്റുള്ളവ കണ്ണ് നനയിക്കുന്നു എങ്കിലും ഓർമ്മകൾ അവയിലൂടെയല്ലാതെ മരണത്തിലേക്കൊരു വഴിയില്ലെന്നു ഒന്നുകൂടെ ബോധ്യമായി. "ഈ സ്ഥലവും എന്നെയും നിനക്ക് ഒരിക്കലും മറക്കാനാവില്ല അല്ലേ?" എന്ന് ഹൃദയത്തിനുള്ളിൽ നിന്നു ഒരു പരിചിത ശബ്ദം മന്ത്രിച്ചു. 

തിരക്കിട്ടു എണീറ്റു ബാഗും തൂക്കി നടന്നു. പുൽത്തകിടിയിൽ കാലുകൾ പൂഴ്ന്നിറങ്ങുന്ന സുഖത്തിൽ ഗേറ്റിലേക്ക് നടക്കുമ്പോൾ വിടർന്നു നിന്ന ഗുൽമോഹർ മരങ്ങൾ കാറ്റിലൂടെ അവൾക്കു യാത്രപറഞ്ഞു.


No comments:

Post a Comment