അന്യരാണ് നമ്മൾ... മറക്കാനാവാത്ത ഓർമകളുള്ള തികച്ചും അപരിചിതർ..
മറവികൾക്കപ്പുറത്തു വീണ്ടും ഊടുവഴികൾ തേടുമ്പോളും നിന്നെപ്പോലെയും എന്നെപോലെയും ആരും ഉണ്ടാകില്ല തീർച്ച.. കരുതൽ ആഗ്രഹിക്കുന്ന എന്റെ ഹൃദയത്തിന്റെ ചുവന്ന ഭിത്തിയിൽ നിന്നെ ഞാൻ ഒരിക്കൽ ബന്ധിച്ചിരുന്നു.. തുറന്നിട്ട വാതിലുകൾ ഉള്ള അവിടെ നീ സുരക്ഷിതനായിരുന്നു എന്നിട്ടും ഓർമ്മകൾക്കപ്പുറം സഞ്ചാരിക്കേണ്ടത് അനിവാര്യമായി..ഋതുക്കൾ പോലെ ദിവസങ്ങൾപോലെ കാലത്തിന്റെ നിയമത്തിനു വഴങ്ങി നമ്മൾ മുൻപോട്ടു പോയെ തീരൂ.. സ്വന്തമല്ലാത്ത ശാശ്വതമല്ലാത്ത നമ്മൾ എന്നവാക്കിനെ പിരിച്ചെഴുതേണ്ട സമയം ആയിരിക്കണം. വിറക്കുന്ന ചുണ്ടുകളിൽ ചിരിയുടെ ചായം തേക്കുമ്പോൾ വിങ്ങുന്ന വിസ്‌പൊടനങ്ങൾ ഉള്ളിലെവിടെയോ മുഴങ്ങുന്നു..
ഒരുപാട് പേരിൽ ഒരാൾ ആയി ഞാനിരിക്കെ നീ എന്ന ഒരേയൊരു സത്യത്തെ വേദനിക്കുമ്പോളും വേറിട്ടുപോകാതെ ഹൃദയത്തിൽ ചേർക്കട്ടെ...
ഒന്നമർത്തി മൂളിയാൽ തേങ്ങിയാൽ പരിഭവിച്ചാൽ.. വീണ്ടും തിരസ്കാരത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ നിഷ്കരുണമായ വാക്പ്രയോഗങ്ങൾ ശൂന്യമായ മനസ്സിന്റെ തളർന്ന ആർത്തനാദങ്ങൾ അർത്തലക്കുന്ന ലോല വികാരങ്ങളുടെ വിസ്പോടനത്തിൽ തകർന്നടിയുന്ന വിശ്വാസത്തിന്റെ സ്നേഹത്തിന്റെ കരിങ്കൽ ഭിത്തികൾ.. ഒന്നിനും വയ്യ.. സൂക്ഷ്മ ചിന്തകളുടെ ആവർണങ്ങളിൽ സ്ഥൂലമായി തന്നെ തുടരാം..
സ്വാതന്ത്ര്യം നിഷേധിച്ച ചിന്തകളുടെ നൂലാമാലകൾ നിർവികരതയുടെ ബന്ധനങ്ങളിൽ കിടന്നു കുരുങ്ങുന്നു .. സമാധാനം നിറഞ്ഞ ഇന്നുകളെ പുണർന്നു ആശ്വാസം കണ്ടെത്താം.. നിലനിൽപ്പ് എന്നത് ഇന്നത്തെ ആവശ്യമാണ് നാളെ എന്താകുമെന്നത് വിധിയുടെ വിധിയെഴുത്ത്..
നീ തന്ന ഓരോ നിമിഷവും എത്ര സുന്ദരമാണ്.. വിയർപ്പിൽ കുതിർന്ന നിന്റെ ഓർമ്മകൾ പറയുവാന്നാവാത്തത്ര ഹൃദയങ്ങമവും..
പ്രണയിക്കുവാൻ നമുക്ക് അവകാശമില്ല എങ്കിലും എനിക്ക് വേണം എന്നും... സത്യമല്ലാത്ത എന്നാൽ മനസ്സിൽ നിറയുന്ന ഒരു സ്വപ്നംപോലെ.. ഓർമിക്കുവാൻ.. ഓർക്കുമ്പോൾ ഒന്നു പുഞ്ചിരിക്കുവാൻ..
സ്വന്തമാകുന്നതല്ലേ നഷ്ടപ്പെടൂ... അതുകൊണ്ടുതന്നെ എനിക്ക് നിന്നെയും നിനക്കെന്നെയും ഒരിക്കലും നഷ്ടപ്പെടുത്തണ്ടല്ലോ..
എന്റെ യൗവനം നിന്നിലവസാനിക്കുന്നു... നിനക്ക് ശേഷം എന്റെ ജരാനരകൾ മനസ്സിലേക്കും വ്യാപിക്കും .. വർദ്ധക്യത്തിലേക്കു ഒതുങ്ങുവാൻ ഞാൻ തയ്യാറായി കഴിഞ്ഞിരിക്കും...