Thursday, March 9, 2023

നമ്മൾ

 നമ്മളെപ്പോഴാ ഇനി ഒന്നു നമ്മളാകുക? 

അതുകേട്ടു അയാൾ ഉറക്കെ ചിരിച്ചു... ഇവളെന്തു ഭ്രാന്താണിപ്പറയുന്നത്.. നമ്മൾ നമ്മളല്ലേ? അവളുടെ കവിളുകൾ ഉരുമ്മിക്കൊണ്ട് അയാൾ പതിയെ ചോദിച്ചു.. കണ്ണുകൾ അടച്ചു തോളിൽ ചാഞ്ഞിരുന്ന അവൾ മനോഹരമായി ഒന്നു ചിരിച്ചു.. അല്ല!! നമ്മൾ ഇങ്ങനായിരുന്നില്ല.. ഒരിക്കലും അവസാനിക്കാത്ത സംസാരങ്ങളും വാക്കുകൾ തീരാത്ത ചർച്ചകളും സൂര്യന് കീഴിലുള്ള ഏതൊരു കാര്യങ്ങളും പറയുവാനുള്ള സീമയില്ലാത്ത സ്വാതന്ത്ര്യവും അതായിരുന്നില്ലേ നമ്മൾ,നമുക്കിടയിൽ ഇപ്പോൾ മൗനവും വൈകാരികമായ പ്രകടനങ്ങളും മാത്രം ആയി.. പ്രണയം ഒരു ശാപമായോ എന്നിടക്ക് ഓർത്തുപോകുന്നു.. നീ എന്നെയും ഞാൻ നിന്നെയും വേർപിരിയാൻ കഴിയാതെ ഒന്നിച്ചപ്പോൾ ശെരിക്കും നമ്മൾ അകന്നുപോയില്ലേ? സൗഹൃദത്തിന്റെ പവിത്രത അന്യമായിപ്പോയി.. നമ്മളിനി എന്നാ നമ്മളാകുക? ഒരുപാട് ആഴത്തിൽ അർത്ഥം ഒളിപ്പിച്ചു അവന്റെ കണ്ണുകളിലേക്ക് അവൾ നോക്കി... പക്ഷെ ഇതൊന്നും മനസ്സിലാക്കാതെ നിഷ്കളങ്കമായി അയാൾ അവളെ ചേർത്ത് പിടിച്ചു.. നനുത്ത ചുണ്ടുകൾ കവിൾ തടങ്ങളിൽ പതിപ്പിച്ചു അയാൾ പറഞ്ഞു ഞാൻ എന്നും ഈ ഞാൻ ആയിരുന്നു നിന്നെ കണ്ടനാൾ മുതൽ നീ അത് മനസ്സിലാക്കാൻ വൈകി... കണ്ണുകളിൽ നിറച്ച കുസൃതി അയാൾക്ക്‌ വീണ്ടും വീണ്ടും അവളോട്‌ പ്രണയം തോന്നിപ്പിച്ചു... കൊതിപ്പിച്ചു...

രണ്ടു ദിശയിൽ ചിന്തചിക്കാനേ അവർക്കാവുള്ളു സ്ത്രീ കരുതലും സ്വാതന്ത്ര്യവും ആഗ്രഹിക്കുമ്പോൾ പുരുഷന്റെ പ്രണയം ഇപ്പോഴൊക്കെയോ മേൽക്കോയ്മയുടെകൂട്ടുപിടിച്ചു ശാരീരിക തലങ്ങളിൽ സഞ്ചരിക്കുന്നു.. എന്നിട്ടും അവർ ഒന്നിക്കുന്നു ജീവിക്കുന്നു പിരിയുന്നു മത്സരിക്കുന്നു.. നേട്ടങ്ങളും നഷ്ടപ്പെടലുകളും ഇരുവർക്കും തന്നെ.. എങ്കിലും പിരിയാനുള്ള കാരണങ്ങൾ അടുക്കാനുള്ള കാര്യങ്ങളെക്കാൾ പ്രസക്തമാകുമ്പോൾ കാഴ്ചക്കാർക്ക് കണ്ടുരസിക്കാം.. നമ്മൾ നമ്മളായി തന്നെ തുടരണം മരണം വരെ അതുമല്ലെങ്കിൽ പരസ്പരം അഭിനയിക്കാൻ പഠിക്കുന്നത് വരെ എങ്കിലും..


No comments:

Post a Comment