Tuesday, July 2, 2024

ഗുൽമോഹർ ഓർമ്മകൾ

നരച്ച ആകാശം മേഘക്കെട്ടുകളില്ലാതെ നിവർന്നു കിടന്നു. ആകാശത്തിന്റെ വക്കുകൾക്ക് തീപിടിച്ചപോലെ വാകപ്പൂക്കൾ വിടർന്നു നിന്നു. മലർന്നു കിടന്നു നോക്കുമ്പോൾ താനും ആകാശത്തേക്കെത്തിയത് പോലെ തോന്നി. വിജനമായ മൈദാനത്തിന്റെ മൂലയിൽ തലയ്ക്കു താഴെ കൈകൾ തിരുകി മാനം നോക്കി കിടക്കുന്നത് വൈകുന്നേരങ്ങളിലെ ശീലമായി മാറിക്കഴിഞ്ഞിരുന്നു. ഏകാന്തമായ രാത്രികൾക്കും ദിവസം മുഴുവൻ ഉള്ള ജോലിയുടെ സമ്മർദം ഫോൺ കോളുകൾ തിരക്ക് എല്ലാത്തിന്റെയും ഒടുവിൽ ഇങ്ങനൊരു ഇടവേള ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉന്മേഷഭരിതമാക്കി.

തനിക്കും ആകാശത്തിനും ഇടയിൽ യാതൊരു പ്രതിബന്ധങ്ങളും ഇല്ലാത്ത ആ കാഴ്ച ഒരു അത്‍ഭുതമായി തോന്നി. ഇടതൂർന്ന ഉയരമുള്ള കെട്ടിടങ്ങളും തിരക്കേറിയ വീഥികളും കോലാഹലങ്ങൾ നിറയുന്ന തെരുവുകളും എല്ലാം നിറഞ്ഞ ഈ ലോകത്തോട് വല്ലാത്ത മടുപ്പു തോന്നി.

ഏകാന്തമായ സായാഹ്നങ്ങൾ, ചിന്തകൾ, നെടുവീർപ്പുകൾ, ചുണ്ടിൽ വിരിയുന്ന പുഞ്ചിരികൾ, കണ്ണിൽ നിറയുന്ന കണ്ണുനീർ ഇതൊന്നും ആസ്വദിക്കാൻ തന്നെപോലെ ആർക്കുമാവില്ലെന്നു അവൾക്കു തോന്നി. പക്ഷെ പടിഞ്ഞാറു തുടുത്തു താഴുന്ന സൂര്യനെ പോലെ സത്യം ഇതൊക്കെ മാത്രം. 

ജീവിതത്തിലെ ചില അനുഭവങ്ങളും ഇതുപോലെ ആണ്. ദുരനുഭവങ്ങൾ എന്ന് മറ്റുള്ളവർ വിധി എഴുതുമ്പോളും ആ ഓർമകളുടെ ഊർജത്തിൽ ജീവിതത്തിന്റെ കുതിപ്പുകൾ നടത്തുന്നു തന്നെപോലെ ഉള്ളവർ.

എഴുന്നേറ്റ് അൽപനേരം ഗുൽമോഹർ മരത്തിൽ ചാരിയിരുന്നു ചിന്തിച്ചു.. വരണ്ട കൈതലങ്ങൾ തമ്മിൽ ഉരസി കണ്ണുകൾ മൂടി.. ഒന്നു relax ചെയ്യാൻ ആരോ പണ്ട് പറഞ്ഞു കൊടുത്തതാണ്. ചിന്തകളുടെ നൂൽകുരുക്കുകൾ അഴിക്കുമ്പോൾ ഓർമ്മകൾ മുൻപിലേക്കു ചിതറി വീണു. ചിലത് നല്ലതെന്നും ചിലത് മോശമെന്നും വേർതിരിക്കുവാനാവാത്ത ഓർമകളുടെ കൂമ്പാരങ്ങൾ.. ചിലത് ചുണ്ടിൽ പുഞ്ചിരി വിടർത്തുമ്പോൾ മറ്റുള്ളവ കണ്ണ് നനയിക്കുന്നു എങ്കിലും ഓർമ്മകൾ അവയിലൂടെയല്ലാതെ മരണത്തിലേക്കൊരു വഴിയില്ലെന്നു ഒന്നുകൂടെ ബോധ്യമായി. "ഈ സ്ഥലവും എന്നെയും നിനക്ക് ഒരിക്കലും മറക്കാനാവില്ല അല്ലേ?" എന്ന് ഹൃദയത്തിനുള്ളിൽ നിന്നു ഒരു പരിചിത ശബ്ദം മന്ത്രിച്ചു. 

തിരക്കിട്ടു എണീറ്റു ബാഗും തൂക്കി നടന്നു. പുൽത്തകിടിയിൽ കാലുകൾ പൂഴ്ന്നിറങ്ങുന്ന സുഖത്തിൽ ഗേറ്റിലേക്ക് നടക്കുമ്പോൾ വിടർന്നു നിന്ന ഗുൽമോഹർ മരങ്ങൾ കാറ്റിലൂടെ അവൾക്കു യാത്രപറഞ്ഞു.


Friday, March 10, 2023

പ്രണയം

 പ്രണയം ജലം പോലെയാണ്.ആവിയായി മേഘങ്ങളായി ആകാശത്തോളം ഉയർന്നു പോയി ഈ ലോകം മുഴുവൻ വളരെ ഉയരത്തിൽ നിന്ന് കാണുന്നത്ര സ്വർഗത്തിൽ എത്തിയാലും.ഒരിക്കൽ ഘനീഭവിച്ചു മഴയായി ജലമായി ഭൂമിയിലേക്കു തന്നെ മടങ്ങി എത്തുന്നു.ചിലപ്പോൾ തണുത്തു ഉറഞ്ഞു മഞ്ഞുകട്ട ആവുന്നു.ചിലപ്പോൾ നീരുറവകളായി ഭൂമിയെ കുളിർക്കുന്നു. നമ്മളെത്തന്നെ കീഴടക്കാൻ നാം വിട്ടുകൊടുക്കുന്ന ഒരേ ഒരു വാക്കാണ് പ്രണയം..

നിന്നെ പ്രണയിച്ചു പുഷ്പിച്ചൊരു മുല്ലവള്ളിയായിന്നു ഞാൻ...

പടർന്ന ഓർമകളിൽ വിരിഞ്ഞു നിന്ന നിന്റെ ദലമർമരങ്ങളിൽ..എന്നെ അറിയാതെ ഞാൻ മിഴിപൂട്ടി നിന്നു...

പുഷ്പിക്കുമോളം പ്രണയിച്ചതാവാം വാടി കൊഴിഞ്ഞു നീ അകന്നു പോയെ.... കൊഴിഞ്ഞോരാ ശാഖയിൽ നീ വീണ്ടും തളിരിടുന്നതും കാത്തിരിക്കുന്നു....

പടരുന്ന വള്ളികളാൽ നിന്നെ കൊതിതീരെ പ്രണയിക്കാൻ.... 

..

Thursday, March 9, 2023

നമ്മൾ

 നമ്മളെപ്പോഴാ ഇനി ഒന്നു നമ്മളാകുക? 

അതുകേട്ടു അയാൾ ഉറക്കെ ചിരിച്ചു... ഇവളെന്തു ഭ്രാന്താണിപ്പറയുന്നത്.. നമ്മൾ നമ്മളല്ലേ? അവളുടെ കവിളുകൾ ഉരുമ്മിക്കൊണ്ട് അയാൾ പതിയെ ചോദിച്ചു.. കണ്ണുകൾ അടച്ചു തോളിൽ ചാഞ്ഞിരുന്ന അവൾ മനോഹരമായി ഒന്നു ചിരിച്ചു.. അല്ല!! നമ്മൾ ഇങ്ങനായിരുന്നില്ല.. ഒരിക്കലും അവസാനിക്കാത്ത സംസാരങ്ങളും വാക്കുകൾ തീരാത്ത ചർച്ചകളും സൂര്യന് കീഴിലുള്ള ഏതൊരു കാര്യങ്ങളും പറയുവാനുള്ള സീമയില്ലാത്ത സ്വാതന്ത്ര്യവും അതായിരുന്നില്ലേ നമ്മൾ,നമുക്കിടയിൽ ഇപ്പോൾ മൗനവും വൈകാരികമായ പ്രകടനങ്ങളും മാത്രം ആയി.. പ്രണയം ഒരു ശാപമായോ എന്നിടക്ക് ഓർത്തുപോകുന്നു.. നീ എന്നെയും ഞാൻ നിന്നെയും വേർപിരിയാൻ കഴിയാതെ ഒന്നിച്ചപ്പോൾ ശെരിക്കും നമ്മൾ അകന്നുപോയില്ലേ? സൗഹൃദത്തിന്റെ പവിത്രത അന്യമായിപ്പോയി.. നമ്മളിനി എന്നാ നമ്മളാകുക? ഒരുപാട് ആഴത്തിൽ അർത്ഥം ഒളിപ്പിച്ചു അവന്റെ കണ്ണുകളിലേക്ക് അവൾ നോക്കി... പക്ഷെ ഇതൊന്നും മനസ്സിലാക്കാതെ നിഷ്കളങ്കമായി അയാൾ അവളെ ചേർത്ത് പിടിച്ചു.. നനുത്ത ചുണ്ടുകൾ കവിൾ തടങ്ങളിൽ പതിപ്പിച്ചു അയാൾ പറഞ്ഞു ഞാൻ എന്നും ഈ ഞാൻ ആയിരുന്നു നിന്നെ കണ്ടനാൾ മുതൽ നീ അത് മനസ്സിലാക്കാൻ വൈകി... കണ്ണുകളിൽ നിറച്ച കുസൃതി അയാൾക്ക്‌ വീണ്ടും വീണ്ടും അവളോട്‌ പ്രണയം തോന്നിപ്പിച്ചു... കൊതിപ്പിച്ചു...

രണ്ടു ദിശയിൽ ചിന്തചിക്കാനേ അവർക്കാവുള്ളു സ്ത്രീ കരുതലും സ്വാതന്ത്ര്യവും ആഗ്രഹിക്കുമ്പോൾ പുരുഷന്റെ പ്രണയം ഇപ്പോഴൊക്കെയോ മേൽക്കോയ്മയുടെകൂട്ടുപിടിച്ചു ശാരീരിക തലങ്ങളിൽ സഞ്ചരിക്കുന്നു.. എന്നിട്ടും അവർ ഒന്നിക്കുന്നു ജീവിക്കുന്നു പിരിയുന്നു മത്സരിക്കുന്നു.. നേട്ടങ്ങളും നഷ്ടപ്പെടലുകളും ഇരുവർക്കും തന്നെ.. എങ്കിലും പിരിയാനുള്ള കാരണങ്ങൾ അടുക്കാനുള്ള കാര്യങ്ങളെക്കാൾ പ്രസക്തമാകുമ്പോൾ കാഴ്ചക്കാർക്ക് കണ്ടുരസിക്കാം.. നമ്മൾ നമ്മളായി തന്നെ തുടരണം മരണം വരെ അതുമല്ലെങ്കിൽ പരസ്പരം അഭിനയിക്കാൻ പഠിക്കുന്നത് വരെ എങ്കിലും..


അന്യർ

 അന്യരാണ് നമ്മൾ... മറക്കാനാവാത്ത ഓർമകളുള്ള തികച്ചും അപരിചിതർ..

മറവികൾക്കപ്പുറത്തു വീണ്ടും ഊടുവഴികൾ തേടുമ്പോളും നിന്നെപ്പോലെയും എന്നെപോലെയും ആരും ഉണ്ടാകില്ല  തീർച്ച.. കരുതൽ ആഗ്രഹിക്കുന്ന എന്റെ ഹൃദയത്തിന്റെ ചുവന്ന ഭിത്തിയിൽ നിന്നെ ഞാൻ ഒരിക്കൽ ബന്ധിച്ചിരുന്നു.. തുറന്നിട്ട വാതിലുകൾ ഉള്ള അവിടെ നീ സുരക്ഷിതനായിരുന്നു എന്നിട്ടും ഓർമ്മകൾക്കപ്പുറം സഞ്ചാരിക്കേണ്ടത് അനിവാര്യമായി..ഋതുക്കൾ പോലെ ദിവസങ്ങൾപോലെ കാലത്തിന്റെ നിയമത്തിനു വഴങ്ങി നമ്മൾ മുൻപോട്ടു പോയെ തീരൂ.. സ്വന്തമല്ലാത്ത ശാശ്വതമല്ലാത്ത നമ്മൾ എന്നവാക്കിനെ പിരിച്ചെഴുതേണ്ട സമയം ആയിരിക്കണം. വിറക്കുന്ന ചുണ്ടുകളിൽ ചിരിയുടെ ചായം തേക്കുമ്പോൾ വിങ്ങുന്ന വിസ്‌പൊടനങ്ങൾ ഉള്ളിലെവിടെയോ മുഴങ്ങുന്നു..

ഒരുപാട് പേരിൽ ഒരാൾ ആയി ഞാനിരിക്കെ നീ എന്ന ഒരേയൊരു സത്യത്തെ വേദനിക്കുമ്പോളും വേറിട്ടുപോകാതെ ഹൃദയത്തിൽ ചേർക്കട്ടെ...

ഒന്നമർത്തി മൂളിയാൽ തേങ്ങിയാൽ പരിഭവിച്ചാൽ.. വീണ്ടും തിരസ്കാരത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ നിഷ്കരുണമായ വാക്പ്രയോഗങ്ങൾ ശൂന്യമായ മനസ്സിന്റെ തളർന്ന ആർത്തനാദങ്ങൾ അർത്തലക്കുന്ന ലോല വികാരങ്ങളുടെ വിസ്പോടനത്തിൽ തകർന്നടിയുന്ന വിശ്വാസത്തിന്റെ സ്നേഹത്തിന്റെ കരിങ്കൽ ഭിത്തികൾ.. ഒന്നിനും വയ്യ.. സൂക്ഷ്മ ചിന്തകളുടെ ആവർണങ്ങളിൽ സ്ഥൂലമായി തന്നെ തുടരാം.. 

സ്വാതന്ത്ര്യം നിഷേധിച്ച ചിന്തകളുടെ നൂലാമാലകൾ നിർവികരതയുടെ ബന്ധനങ്ങളിൽ കിടന്നു കുരുങ്ങുന്നു .. സമാധാനം നിറഞ്ഞ ഇന്നുകളെ പുണർന്നു ആശ്വാസം കണ്ടെത്താം.. നിലനിൽപ്പ് എന്നത് ഇന്നത്തെ ആവശ്യമാണ് നാളെ എന്താകുമെന്നത് വിധിയുടെ വിധിയെഴുത്ത്..

നീ തന്ന ഓരോ നിമിഷവും എത്ര സുന്ദരമാണ്.. വിയർപ്പിൽ കുതിർന്ന നിന്റെ ഓർമ്മകൾ പറയുവാന്നാവാത്തത്ര ഹൃദയങ്ങമവും..
പ്രണയിക്കുവാൻ നമുക്ക് അവകാശമില്ല എങ്കിലും എനിക്ക് വേണം എന്നും... സത്യമല്ലാത്ത എന്നാൽ മനസ്സിൽ നിറയുന്ന ഒരു സ്വപ്നംപോലെ.. ഓർമിക്കുവാൻ.. ഓർക്കുമ്പോൾ ഒന്നു പുഞ്ചിരിക്കുവാൻ.. 

സ്വന്തമാകുന്നതല്ലേ നഷ്ടപ്പെടൂ... അതുകൊണ്ടുതന്നെ എനിക്ക് നിന്നെയും നിനക്കെന്നെയും ഒരിക്കലും നഷ്ടപ്പെടുത്തണ്ടല്ലോ..

എന്റെ യൗവനം നിന്നിലവസാനിക്കുന്നു... നിനക്ക് ശേഷം എന്റെ ജരാനരകൾ മനസ്സിലേക്കും വ്യാപിക്കും .. വർദ്ധക്യത്തിലേക്കു ഒതുങ്ങുവാൻ ഞാൻ തയ്യാറായി കഴിഞ്ഞിരിക്കും... 

Monday, March 21, 2022

അയാളും ഞാനും

 തികച്ചും രണ്ടു ലോകങ്ങളിൽ ആയിരുന്ന രണ്ടുപേർ... അവരുടെ ചിന്തകളും അഭിരുചകളും എല്ലാം വ്യത്യസ്തം.. പൊതുവായി പറയാൻ ഒന്നുമുണ്ടായിരുന്നില്ല പക്ഷെ.... ജീവിതം അവരെ കണ്ടുമുട്ടിച്ചു.. പരസ്പരം തിരുത്താനും തിരുത്തപ്പെടാനും.. കേൾക്കാനും പറയാനും ഒന്നും ഉണ്ടായിരുന്നില്ല മനസ്സിലാക്കാൻ പോലും.. പക്ഷെ അവരുടെ കണ്ടുമുട്ടലുകൾ പരസ്പരം എന്തൊക്കെയോ കൈമാറാൻ കൊതിയോടെ കാത്തിരുന്നു.. ജീവിതത്തിന്റെ തിരക്കിലും മാറ്റിവക്കാൻ അവർക്കു സ്വന്തമായി ആ നിമിഷങ്ങൾ മാത്രം ഉണ്ടായിരുന്നുള്ളു... പങ്കുവെക്കാൻ മോഹങ്ങളില്ല ചിന്തകളില്ല... വികാരങ്ങളില്ല...

വ്യത്യസ്തമായ എന്തും ആകർഷകമായി തോന്നിയിരുന്നു.. നിശബ്ദമായ ഏകാന്തതയെ ഇഷ്ടപ്പെട്ടപോലെ... ഇരുട്ടിന്റെ അഗാധത പ്രിയപ്പെട്ടത് ആയതു പോലെ.. നിറമുള്ള സ്വപ്നങ്ങളെക്കാൾ നിഴൽവീണ ഓർമകളെ താലോലിച്ചപോലെ... എന്നിലെ സർവ്വതിന്റെയും വിപരീതമായ നിന്നെയും ഞാൻ പ്രണയിച്ചു.. ഇരുളും വെളിച്ചവും പോലെ വെയിലും നിലാവുംപോലെ  വ്യത്യസ്തരാണ് നാം എന്നറിഞ്ഞിട്ടും..

പരസ്പരം പങ്കുവെക്കുന്ന നിമിഷങ്ങൾ ഒഴിച്ച് കണ്ടുമുട്ടിയാലും നിരർത്ഥകമായിരുന്നു.. ആൾക്കൂട്ടത്തിലും ശരീരത്തിലെ ഹോർമോണുകൾക്കെ പ്രവർത്തിക്കാനായുള്ളൂ. ഇത്രമാത്രം ആകർഷണം തോന്നാൻ എന്നിൽ എന്തുണ്ടെന്നു ചിന്തിച്ചപ്പോളും അയാൾ എന്റെ ചിന്തകൾക്ക് മേലെ ഒരു ആകർഷണം വലയം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.. തികച്ചും ശരീരികമായ ഒരു സങ്കൽപ്പിക ആവരണം.. അയാൾ എന്റെ ശരീരത്തിന്റെ സർവ്വ ചോദ്യങ്ങക്കുമുള്ള ഉത്തരം ആയിരുന്നു.. അയാൾ എനിക്ക് ഒരു സുഹൃത്തോ ഒരു soul mate ഒന്നും ആയിരുന്നില്ല പകരം എന്റെ വികാരങ്ങളുടെ വളരെ മനോഹരമായ ഉത്തരം ആയിരുന്നു.. കരുതലോടെ എന്റെ ശരീരത്തിന്റെ ആവശ്യങ്ങൾക്കുമേൽ ഉള്ള തലോടൽ ആയിരുന്നു..

ഞാൻ ഇത്രമാത്രം ഇതിനു മുൻപ് ശാരീരിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.. അത്രമാത്രം ആ സ്പർശനം എന്നെ ആശ്വസിപ്പിച്ചു.. എന്നിലെ അടിച്ചമർത്തിയ വികാരങ്ങളുടെ അണപ്പൊട്ടി ഒഴുകുകയായിരുന്നു.. ഒരാളെ സ്നേഹിക്കാൻ പേടിച്ചിട്ടാണോ അതോ ശക്തി ഇല്ലാഞ്ഞിട്ടാണോ ആ ഒരു കാര്യത്തിന് ശ്രമപ്പെട്ടില്ല.. സ്വന്തമാക്കാനാവാതെ ആസ്വദിക്കുമ്പോളാണ് എന്തിനെയും പരമാവധി ആസ്വദിക്കാൻ പറയുന്നതെന്ന് പൗലോ കൈലോ പറഞ്ഞത് പോലെ അന്യനായ ആ വ്യക്തിയെ ഞാൻ ആസ്വദിച്ചു തുടങ്ങി...അയാളുടെ ഓരോ സ്പർശനങ്ങളും തോല് തുളച്ചു അസ്തിവരെ എത്തുന്നപോലെ തോന്നി.. തനിച്ചാകുന്ന ഓരോ നിമിഷവും പാഴാക്കാതെ അയാളിലേക്ക് ഞാനും ഇനിലേക്കയാലും ഊർന്നിറങ്ങി.. വേലിയേറ്റത്തിൽ കരയും കടലും സ്വയം മറക്കുന്നതുപോലെ ആവർണങ്ങൾ നീക്കി എന്നിലേക്ക്‌ കൂടുതൽ കൂടുതൽ അടുത്ത് വന്നു.. കൊടും വേനലിൽ ഒരിറ്റു ദാഹജലം കിട്ടിയപോലെ ആഗ്രഹത്തോടെ ആവേശത്തോടെ പരസ്പരം ആസ്വദിച്ചു.. നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ കൂടുതൽ കൂടുതൽ അടുക്കാനുള്ള ആസക്തി കൂടിവന്നു ... പരസ്പര നോവിക്കാനോ മോഹിക്കാനോ ഇല്ലാത്തവർക്ക് ഇതു ആസ്വാദനം മാത്രം.. ഒന്നും പ്രതീക്ഷിക്കാതെ പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ ഞങ്ങൾ സ്വയം മറക്കുകയായിരുന്നു.. ഞാനും അയാളും ശരീരങ്ങൾ മാത്രമാണെന്ന് ഉറക്കെ ഉറക്കെ മുഴങ്ങി...

വികാരങ്ങളുടെ പാരമ്യത്തിൽ അയാളെന്റെ ചെവിയിൽ എപ്പോളും പറഞ്ഞു കൊണ്ടിരുന്നു.. നമ്മൾ പരസ്പരo കൂട്ടിമുട്ടാത്ത രണ്ടു രേഖകൾ ആണ് എന്ന്... ജീവിതത്തിന്റെ അവശേഷിപ്പുകൾ മാത്രമാണ് ഈ നിമിഷങ്ങൾ.. എന്നും ഓർത്തു ആസ്വദിക്കാൻ.. സുഖം അനുഭവിച്ച ഈ സമയങ്ങൾ ഏതോ വിദൂര ഭാവിയിൽ ഓർത്തിരിക്കാൻ.. അപ്പോൾ എന്ത് പറഞ്ഞാലും അംഗീകരിക്കാനെ എനിക്കാവൂ..ഒരു ശ്വാസം അകലെ അയാളെന്നെ വിവശയാക്കിയിരുന്നു.. ശ്വാസങ്ങൾ ഒന്നാകുന്നവരെ ചുംമ്പിക്കാനും നിയന്തരങ്ങളില്ലാതെ പരസ്പരം ആസ്വദിക്കാനും ഇരു ശരീരങ്ങളും വെമ്പൽ കൊള്ളുകയായിരുന്നു.. പരിസരം മറന്നു എന്നിലേക്ക്‌ അമർന്നു ചേരുന്ന ആ ശരീരത്തിന്റെ ചൂടും ചൂരും എന്നെ ദുർബലമാക്കികൊണ്ടിരുന്നു... അകലങ്ങൾ ഇല്ലാതാവുമ്പോളും അന്യനാണ് അയാൾ എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടേ ഇരുന്നു.. ബാക്കി എല്ലാ നാനാത്വത്തിലും ഈ ഒരൊറ്റ പൊതു ഘടകം മാത്രം മുഴച്ചു നിന്നു... അയാളെ എന്നിലേക്ക്‌ ആവാഹിക്കാൻ ഞാൻ പൂർണമായും തയ്യാറായി കഴിഞ്ഞിരുന്നു..

Saturday, February 5, 2022

 പലതരത്തിലുള്ള വികാരങ്ങളുള്ള ഇരുകാലികൾ.. ചുവന്ന നാടയിൽ കോർത്ത തീക്ഷണ വികാരങ്ങളുടെ കടിഞ്ഞാൺ പിടിച്ച്‌ നടക്കുന്ന തിരുത്തൽ വാദികളുടെ സ്വയം അഭിമാനിക്കുന്ന മുഖങ്ങൾ. ഇനി ഒന്നിനും വയ്യ എന്ന് ഉറപ്പിച്ചു വികാരങ്ങൾ വറ്റിയ ഒരു കൂട്ടം മൗനികൾ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നു ഊക്കം കൊള്ളുന്ന അഭിനവ ന്യൂ ജൻ ഫ്രീക്കന്മാർ. കുടുംബമൂല്യങ്ങളെ നെഞ്ചോടു ചേർക്കുന്ന യഥാസ്ഥിതീകർ.. ഇതിലൊന്നും പെടാതെ എരിയുന്ന ഞെരിപ്പ് നെഞ്ചിലേറ്റി ഞാനും. നേടിയെടുത്തതും വെട്ടിപ്പിടിച്ചതും എല്ലാം മൂല്യമില്ലാത്ത കരിക്കട്ടകളാണെന്നു തിരിച്ചറിയുമ്പോൾ ആ എരിയുന്ന കനലിന്റെ കറുത്ത പുക ചുരുളുകൾ ചുറ്റും നിറയുന്നു.. ഇനി എന്തെങ്കിലും നേടാനാവും എന്നു ഉറപ്പിച്ചു മുൻപോട്ട് ആയുമ്പോളും ചെന്ന് പതിക്കുന്ന കൊക്കയിൽ കാരമുള്ളുകളോ അതോ കുപ്പിച്ചില്ലുകളോ എന്ന് മാത്രമേ ചിന്തിക്കാനാവുന്നുള്ളു. പ്രതീക്ഷകളില്ലാത്തത് എന്റെ തെറ്റാണോ? അനുഭവങ്ങൾ സാക്ഷി.. 🙏

Thursday, August 6, 2020

യാത്ര

 സ്നേഹമാണെന്നു സമർത്ഥിക്കാൻ എന്തെളുപ്പം... നിലനിൽപ്പില്ലാത്ത ഒന്നാണോ സ്നേഹം.. ഒരു ചുഴലിക്കാറ്റ് പോലെ നൈമിഷകമായി അകപ്പെട്ടുപോയപ്പോളും നിലനിൽപ്പിന്റെ ആവശ്യമായി എഴുതിത്ത ള്ളുമ്പോളും മനസ്സാക്ഷിയുടെ തുറിച്ചുനോട്ടങ്ങൾ പോലും നിർവികാരമായി നേരിട്ടപ്പോളും.. പിടിച്ചു വാങ്ങിയ സ്നേഹത്തിന് വേണ്ടിയാണ്‌ കടിച്ചുതൂങ്ങി നിൽക്കുന്നതെന്ന് എന്ന ബോധ്യം വന്നപ്പോളും തളരാതെ മുന്പോട്ടുപോയി.. തീർത്താൽ തീരാത്തത്ര ദൂരം മുൻപോട്ടു പോകണം എന്ന് മനസ്സിൽ ഉറപ്പിച്ച് കണ്ണുമടച്ചു പാഞ്ഞു.. ഉള്ളിലേക്ക് നോക്കാനോ  ഞാൻ എന്നു ചിന്തിക്കാനോ ഉള്ള ശക്തി അവശേഷിക്കുന്നില്ല ഒരു കടുകൊളം പോലും... യാത്ര തുടരുന്നു അന്ത്യത്തിന്റെ കാലോചകൾക്കു കാതോർത്തുകൊണ്ടു.. 

മരണത്തിനപ്പുറം ഉള്ള ലോകത്തെങ്കിലും സ്നേഹത്തിന്റെ അർത്ഥം അനുഭവിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു..

തൊലിക്കട്ടി കൂടിവരുന്നു... അപമാനങ്ങളും അഭിമാനക്ഷതങ്ങളും ഒരു ശീലമായി.. ഹൃദയം തൊടാത്ത ബന്ധങ്ങളുടെ ചുഴലിക്കാറ്റിൽ ആദർശങ്ങൾ ഹോമിക്കപ്പെടുമ്പോൾ നിസ്സഹായത മാത്രം കരഞ്ഞുവീങ്ങിയ കണ്ണുകൾകൊണ്ടു  തുറിച്ചു നോക്കുന്നു.. സ്വയം കൊഞ്ഞനംകുത്തുന്ന മനസ്സാക്ഷിക്കു മുൻപിൽ ശിക്ഷവാങ്ങാൻ ഒരു സ്കൂൾ കുട്ടിയെപ്പോലെ കൈനീട്ടി നിൽക്കുമ്പോളും പൊള്ളുന്ന അഭിമാനത്തിന്റെ പൈതൃകകണങ്ങൾ ഉൾവലിഞ്ഞു തലതാഴ്ത്തുന്നു.. തീരില്ലേ ഈ ആത്‍മ ഹിംസ.. നിയന്ത്രണം വിട്ടമനസ്സിനെ പിടിച്ചു നിർത്താൻ എന്നും ആവില്ല എന്നു ഒരു സ്വരം ഉള്ളിൽ നിന്നു പൊന്തി വരുന്നു.. പിതൃത്വം അലിഞ്ഞു തീർന്ന പഞ്ചഭൂതങ്ങളേ... എന്നെയും നിന്നിലേക്ക്‌ചേർക്കുക.. നിലനിൽപ്പില്ലാത്ത ഒന്നിലും അകപ്പെടാതെ നഷ്ടപ്പെട്ട സുരക്ഷകരവലയത്തിന്റെ ചൂടു പറ്റി ഒന്നുറങ്ങട്ടെ.. ദീർഘമായി..