സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ കുളിച്ച അതിമനോഹരിയായ ഒരു യുവതിയെപ്പോലെ മുറ്റത്തിന്റെ കിഴക്ക് വശത്തായി അവള്‍ നില്‍ക്കുന്നു.. ഇടതൂര്‍ന്നു നില്‍ക്കുന്ന കണികൊന്നയാണെന്റെ ബാല്യത്തിന്റെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന സുവര്‍ണ്ണ ചിത്രം.. ക്ഷണികമായ സൗന്ദര്യത്തിന്റെ പ്രതീകം പോലെ...
മേടമാസത്തിന്റെ മുന്നോടിയായി പൂത്തുതളിര്‍ക്കുന്ന കൊന്നമരം... ചൂടുപിടിച്ച പകലുകളും തണുത്ത രാവുകളും കടം തരുന്ന ഇളം ചൂടുള്ള രാപ്പനികളും...... മഴയുടെ നേരംത്തെറ്റിയുള്ള ആക്രമണത്തില്‍ കൊഴിഞ്ഞു
വീഴുന്ന സ്വര്‍ണ്ണ ദളങ്ങളുടെ കൂമ്പാരത്തില്‍ മുറ്റത്തിന്റെ തെക്കേകോണില്‍
പൂത്തുനില്‍ക്കുന്ന ആ കൊന്നമരം. ഒരു നാടിന്റെ മുഴുവന്‍ വിഷുക്കണിക്കായി സ്വയം അവള്‍ അണിഞ്ഞു ഒരുങ്ങി തന്റെ മഞ്ഞചേല ഒതുക്കിപിടിച്ചു നില്‍ക്കുന്നന്നത്
കൌതുകത്തോടെ നോക്കിനിന്ന ഒരു അഞ്ചു വയസ്സുകാരിയുടെ വിടര്‍ന്ന കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നു സൌന്ദര്യം....
പിച്ചവെച്ച നാളുകളില്‍ കാത്തിരുന്ന വിഷുക്കാലതിന്റെ ഓര്‍മ്മകള്‍.... കൈവഴികള്‍ വന്നു ചേരുന്ന സമുദ്രമാകുന്ന വീടും ആ കൊന്നമരവും. ഗൃഹതുരതത്തിന്റെ ഹൃദയസ്പര്‍ശിയായ ചിത്രം.
ഒരൊറ്റ നാള്‍ കൊണ്ട് പൊലിഞ്ഞു തീരുന്ന ആ നിറഞ്ഞ സൌന്ദര്യം.... മുറ്റത്തു വരുന്ന ഓരോരുത്തരും പൂവുകള്‍ പൊട്ടിച്ചു ചില്ലകള്‍ ഉടയ്ക്കുംബോളും കണികൊന്ന പുഞ്ചിരിതൂവി നിന്നു. മണ്ണിന്റെ നിറം മഞ്ഞ കലരുന്നത് നോക്കിനില്‍ക്കുമ്പോള്‍ കവിളത് വന്നു വീഴുന്ന ഈര്‍പ്പം കുരുന്നു കൈ കൊണ്ട് തുടച്ചു വീണ്ടും വാതില്‍ക്കല്‍ കാത്തു നിന്നിരുന്ന ഒരു അഞ്ചു വയസ്സുകാരിയുടെ ഹൃദയനൊമ്പരമുണ്ടോ വഴിപോക്കര്‍ അറിയുന്നു?
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്റെ ഒരു വര്‍ഷത്തെ കാത്തിരുപ്പിന്റെ ഫലം മറ്റുള്ളവര്‍ക്കായി നല്‍കുന്ന കൊന്നമരത്തിന്റെ കഥ കുഞ്ഞിവിരലുകള്‍ പിടിച്ചു നടത്തുമ്പോള്‍ എന്നോ അച്ഛന്‍ പറഞ്ഞുതന്നിരുന്നു. നൊമ്പരപ്പെടുത്തുന്ന ഒരു കടംകഥ പോലെ.....
ആളും ബഹളവും ഒഴിഞ്ഞു സന്ധ്യയുടെ നിഴല്‍ വീഴുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുമായി മുറ്റത്തേക്ക് നോക്കുന്ന നിസ്സഹായതയുടെ ഹൃദയത്തുടിപ്പുകള്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുന്നു. നനഞ്ഞ മണലില്‍ വീണുകിടക്കുന്ന വാടിയ ദളങ്ങള്‍ ഇന്നലെ നിറഞ്ഞു നിന്നിരുന്ന ആ കൊന്നമരത്തിന്റെ ഓര്‍മ്മ വീണ്ടും ഉണര്‍ത്തി. അരണ്ട വെളിച്ചത്തില്‍ തെക്കേ മുറ്റത്തേക്ക് എത്തിനോക്കിയപ്പോള്‍ ഹൃദയം നുറുങ്ങുന്നപോലെ തോന്നി. വരാനുള്ള വസന്തങ്ങളെ മനസ്സില്‍ ധ്യാനിക്കുന്ന ഒരു മുടികൊഴിഞ്ഞ
വൃദ്ധയെപ്പോലെ അങ്ങിങ്ങായി അവശേഷിച്ച സമൃദ്ധിയെ ഹൃദയത്തോട്ചേര്‍ത്ത്
വീണ്ടും ഒരു മൂലയിലേക്ക് ഒതുങ്ങി അവള്‍ നില്‍ക്കുന്നു....
പുലര്‍ച്ചയുടെ കിരണങ്ങള്‍ മുഖത്തടിക്കും മുമ്പേ രണ്ടു തണുത്ത കൈകള്‍ കണ്ണുകള്‍ പൊത്തി.
നിറഞ്ഞ ഇരുട്ടില്‍ കാലുകള്‍ എന്തോ തേടി മുന്‍പോട്ടു നീങ്ങി.... കണ്ണ് തുറന്നു
നോക്കിയത് സുവര്‍ണ്ണ പ്രഭ ചൊരിയുന്ന കണിക്കൊന്നയുടെ
മാസ്മരിക ലോകത്തേക്ക്....
നോക്കിയത് സുവര്‍ണ്ണ പ്രഭ ചൊരിയുന്ന കണിക്കൊന്നയുടെ
മാസ്മരിക ലോകത്തേക്ക്....
മറ്റൊന്നും കണ്ണില്‍ പെട്ടില്ല പുറംതിരിഞ്ഞു വേഗം പുറത്തേക്കോടി...
മുറ്റത് കണ്ടതോ തികച്ചും ശൂന്യമായ കൊന്നയുടെ ചില്ലകള്‍ മാത്രം.... കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ ആ ദൃശ്യം മായിക്കവേ നിരാലംബയായ ആ വൃക്ഷത്തിന്റെ വശ്യമായ സൌന്ദര്യം വീണ്ടും വീണ്ടും മനസ്സില്‍ പൊന്തിവന്നു.
മുറ്റത് കണ്ടതോ തികച്ചും ശൂന്യമായ കൊന്നയുടെ ചില്ലകള്‍ മാത്രം.... കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ ആ ദൃശ്യം മായിക്കവേ നിരാലംബയായ ആ വൃക്ഷത്തിന്റെ വശ്യമായ സൌന്ദര്യം വീണ്ടും വീണ്ടും മനസ്സില്‍ പൊന്തിവന്നു.
കാലഭേദങ്ങള്‍ മനുഷ്യജീവിതം മാറ്റിമറിച്ചപ്പോള്‍ കൈവഴികള്‍ വറ്റിയ ഗൃഹതുരതത്തെ കൂട്ടുപിടിച്ച് പ്രതീക്ഷയുടെ കമ്പുകള്‍ അടിച്ചുകൊഴിച്ച ചലനമറ്റ ചിതല്‍പുറ്റായി ഇന്നും മുറ്റത്തിന്റെ തെക്കേ കോണില്‍ ശാപമോക്ഷം കാത്തു കഴിയുന്ന തപസ്വിനിയെപ്പോലെ....
അവള്‍ തനിയെ...........

വളരെ മനോഹരം ..ഒരൊറ്റ നിമിഷം കൊണ്ട് വിഷുക്കാലത്തെ മുന്‍പിലെത്തിച്ചു നിന്റെ വരികള്‍...ഓര്‍മ്മയില്‍ മഴയില്‍ കുളിച്ചു , നിറയെ പൂക്കളുമായി നില്‍ക്കുന്ന ഒരു കണിക്കൊന്ന എന്റെ മനസ്സിലും ഉണ്ട്.. ആശംസകള്‍
ReplyDelete