Wednesday, September 14, 2011

ഇടവപ്പാതി




അങ്ങേത്തൊടിയില്‍ നിന്നൊരു ഭീമന്‍ മൂളല്‍ മൂളികേള്‍ക്കുന്നേ ....
ഇങ്ങേക്കരയില്‍  എങ്ങോ നമ്മുടെ ചറപറ മഴയും പെയ്യുന്നേ....
ഇടിയുടെ കൊട്ടും മേളത്തോടെ മിന്നല്‍ പിണരിന്‍ താളത്തോടെ 
കൈകള്‍ ആട്ടും വൃക്ഷങ്ങളുടെ നൃത്ത ചുവടുകള്‍ തുടരുന്നേ....
മങ്ങും വര്‍ണ്ണ ദൃശ്യങ്ങളുടെ ചാരുതയേറി മിനുങ്ങി വരുന്നേ....
പുഴയുടെ കുഞ്ഞോളങ്ങളില്‍ ചെറുചെറു വൃത്തപ്പൂക്കള്‍ വിരിയുന്നേ...
ഇരുള്‍  മൂടുന്നോരീ ഇടവപ്പാതിയില്‍ കുട്ടികള്‍ ഓടി ഒളിക്കുന്നേ...
തുരുതുരെ പൊഴിയും പഴമാങ്ങയുടെ ഗന്ധം തിങ്ങി നിറയുന്നെ...
ആര്‍ത്തു ചിരിക്കും വൃക്ഷക്കൂട്ടവും ചെടിയും വയലും കതിരുകളും 
മഴയുടെ കുളിര്‍ നിറയുന്നൊരു നാളയെ വീണ്ടും നോക്കിയിരിക്കുന്നെ....
   ‍

കൃതമാല്യം




സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ കുളിച്ച അതിമനോഹരിയായ ഒരു യുവതിയെപ്പോലെ മുറ്റത്തിന്റെ കിഴക്ക് വശത്തായി അവള്‍ നില്‍ക്കുന്നു.. ഇടതൂര്‍ന്നു നില്‍ക്കുന്ന  കണികൊന്നയാണെന്റെ ബാല്യത്തിന്റെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന സുവര്‍ണ്ണ ചിത്രം.. ക്ഷണികമായ സൗന്ദര്യത്തിന്റെ പ്രതീകം പോലെ...

മേടമാസത്തിന്റെ മുന്നോടിയായി പൂത്തുതളിര്‍ക്കുന്ന കൊന്നമരം... ചൂടുപിടിച്ച പകലുകളും തണുത്ത രാവുകളും കടം തരുന്ന ഇളം ചൂടുള്ള രാപ്പനികളും...... മഴയുടെ നേരംത്തെറ്റിയുള്ള ആക്രമണത്തില്‍ കൊഴിഞ്ഞു 
വീഴുന്ന സ്വര്‍ണ്ണ ദളങ്ങളുടെ കൂമ്പാരത്തില്‍ മുറ്റത്തിന്റെ തെക്കേകോണില്‍
 പൂത്തുനില്‍ക്കുന്ന ആ കൊന്നമരം. ഒരു  നാടിന്റെ മുഴുവന്‍ വിഷുക്കണിക്കായി സ്വയം അവള്‍ അണിഞ്ഞു ഒരുങ്ങി തന്റെ മഞ്ഞചേല ഒതുക്കിപിടിച്ചു നില്‍ക്കുന്നന്നത് 
 കൌതുകത്തോടെ നോക്കിനിന്ന ഒരു അഞ്ചു വയസ്സുകാരിയുടെ വിടര്‍ന്ന കണ്ണുകളില്‍ നിറഞ്ഞു  നിന്നിരുന്നു സൌന്ദര്യം....

പിച്ചവെച്ച നാളുകളില്‍ കാത്തിരുന്ന വിഷുക്കാലതിന്റെ ഓര്‍മ്മകള്‍....  കൈവഴികള്‍ വന്നു ചേരുന്ന സമുദ്രമാകുന്ന വീടും  ആ കൊന്നമരവും. ഗൃഹതുരതത്തിന്റെ ഹൃദയസ്പര്‍ശിയായ ചിത്രം.

ഒരൊറ്റ നാള്‍ കൊണ്ട് പൊലിഞ്ഞു തീരുന്ന ആ നിറഞ്ഞ സൌന്ദര്യം.... മുറ്റത്തു വരുന്ന ഓരോരുത്തരും പൂവുകള്‍ പൊട്ടിച്ചു ചില്ലകള്‍ ഉടയ്ക്കുംബോളും കണികൊന്ന പുഞ്ചിരിതൂവി നിന്നു. മണ്ണിന്റെ നിറം മഞ്ഞ കലരുന്നത് നോക്കിനില്‍ക്കുമ്പോള്‍ കവിളത് വന്നു വീഴുന്ന ഈര്‍പ്പം കുരുന്നു കൈ കൊണ്ട് തുടച്ചു വീണ്ടും വാതില്‍ക്കല്‍ കാത്തു നിന്നിരുന്ന ഒരു അഞ്ചു വയസ്സുകാരിയുടെ ഹൃദയനൊമ്പരമുണ്ടോ വഴിപോക്കര്‍ അറിയുന്നു?

ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്റെ ഒരു വര്‍ഷത്തെ കാത്തിരുപ്പിന്റെ ഫലം മറ്റുള്ളവര്‍ക്കായി നല്‍കുന്ന കൊന്നമരത്തിന്റെ കഥ കുഞ്ഞിവിരലുകള്‍ പിടിച്ചു നടത്തുമ്പോള്‍ എന്നോ അച്ഛന്‍ പറഞ്ഞുതന്നിരുന്നു. നൊമ്പരപ്പെടുത്തുന്ന ഒരു കടംകഥ പോലെ.....

ആളും ബഹളവും ഒഴിഞ്ഞു സന്ധ്യയുടെ നിഴല്‍ വീഴുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുമായി മുറ്റത്തേക്ക് നോക്കുന്ന നിസ്സഹായതയുടെ ഹൃദയത്തുടിപ്പുകള്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുന്നു. നനഞ്ഞ മണലില്‍ വീണുകിടക്കുന്ന വാടിയ ദളങ്ങള്‍ ഇന്നലെ നിറഞ്ഞു നിന്നിരുന്ന ആ കൊന്നമരത്തിന്റെ ഓര്‍മ്മ വീണ്ടും ഉണര്‍ത്തി. അരണ്ട വെളിച്ചത്തില്‍ തെക്കേ മുറ്റത്തേക്ക് എത്തിനോക്കിയപ്പോള്‍ ഹൃദയം നുറുങ്ങുന്നപോലെ തോന്നി. വരാനുള്ള വസന്തങ്ങളെ  മനസ്സില്‍ ധ്യാനിക്കുന്ന ഒരു മുടികൊഴിഞ്ഞ 
വൃദ്ധയെപ്പോലെ അങ്ങിങ്ങായി അവശേഷിച്ച സമൃദ്ധിയെ ഹൃദയത്തോട്ചേര്‍ത്ത്
 വീണ്ടും ഒരു മൂലയിലേക്ക് ഒതുങ്ങി അവള്‍ നില്‍ക്കുന്നു.... 
പുലര്‍ച്ചയുടെ കിരണങ്ങള്‍ മുഖത്തടിക്കും മുമ്പേ രണ്ടു തണുത്ത കൈകള്‍ കണ്ണുകള്‍ പൊത്തി.
നിറഞ്ഞ ഇരുട്ടില്‍ കാലുകള്‍ എന്തോ തേടി മുന്‍പോട്ടു നീങ്ങി.... കണ്ണ് തുറന്നു
നോക്കിയത് സുവര്‍ണ്ണ പ്രഭ ചൊരിയുന്ന കണിക്കൊന്നയുടെ
മാസ്മരിക ലോകത്തേക്ക്.... 
മറ്റൊന്നും കണ്ണില്‍ പെട്ടില്ല പുറംതിരിഞ്ഞു വേഗം പുറത്തേക്കോടി...
മുറ്റത് കണ്ടതോ തികച്ചും ശൂന്യമായ കൊന്നയുടെ ചില്ലകള്‍ മാത്രം.... കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ ആ ദൃശ്യം മായിക്കവേ നിരാലംബയായ ആ വൃക്ഷത്തിന്റെ വശ്യമായ സൌന്ദര്യം വീണ്ടും വീണ്ടും മനസ്സില്‍ പൊന്തിവന്നു.


കാലഭേദങ്ങള്‍ മനുഷ്യജീവിതം മാറ്റിമറിച്ചപ്പോള്‍ കൈവഴികള്‍ വറ്റിയ ഗൃഹതുരതത്തെ കൂട്ടുപിടിച്ച് പ്രതീക്ഷയുടെ കമ്പുകള്‍ അടിച്ചുകൊഴിച്ച ചലനമറ്റ ചിതല്‍പുറ്റായി  ഇന്നും മുറ്റത്തിന്റെ തെക്കേ കോണില്‍ ശാപമോക്ഷം കാത്തു കഴിയുന്ന തപസ്വിനിയെപ്പോലെ....

അവള്‍ തനിയെ...........



Tuesday, September 13, 2011

ആത്മഗതം

വാക്കുകള്‍കൊണ്ട് തീര്‍ത്തൊരു ശരശൈയ്യയില്‍
ഓര്‍ക്കുവാന്‍ ഒന്നുമില്ലാതെ ശയിചീടവേ....
തീര്‍ത്തൊരീ മനോവീണതന്‍ കമ്പികള്‍ പോട്ടിയെന്നോ?
പാര്‍ക്കുമീനേരത്തില്‍ എന്നിലെ പ്രാണന്‍ എടുതങ്ങകലുന്നുവോ...
മരണമാം മരീചിക വന്നങ്ങടുക്കുന്നുവോ എന്കിലതെന്‍
ജീവന്റെ സന്ധ്യയില്‍ ഒരാശ്വാസം ആയിരുന്നേനെ....
കുത്തും മുറിപ്പാടുകള്‍ വ്രണങ്ങള്‍ തീര്‍ത്തിന്നേന്‍
ഹൃദയരക്തം വാര്‍ന്നു പോകുമാറു ആഴത്തില്‍ എത്തിടുന്നു..


അസാദ്ധ്യമോഹം

തണുത്ത പച്ചമണ്ണിന്‍ പുതപ്പിനടിയില്‍ എന്നെന്നേക്കുമായി കിടത്തുമ്പോള്‍...
പിതൃത്വം അലിഞ്ഞു ചേര്‍ന്ന  മണ്ണില്‍ തലചായിച്ചുള്ള ശാശ്വതമായ ഉറക്കം.
പ്രിയ പുത്രിയുടെ കയ്യില്‍നിന്നും നീട്ടുന്ന ബലിച്ചോറിന്റെ സ്വാദില്‍ സ്വയം മറന്നലിയുന്ന വികാരമില്ലാത്ത വിശപ്പിന്റെ സുഖം..
മരണത്തിനു അപ്പുറമെങ്കിലും നല്‍കുവാന്‍ ആകുമോ ഏകാന്തതയില്‍ നിന്ന് പെറ്റമ്മക്ക് മോചനം...
അറിയില്ല ജീവിതം കാട്ടാത്ത കരുണ മരണമെന്ന കറുത്ത അധ്യായത്തില്‍
തിരയുന്ന ബുദ്ധിശൂന്യനായ  മനുഷ്യന്‍..
ഇവയെല്ലാം മരണത്തിനും ജീവിതത്തിനും ഇടയില്‍ ഒരു കടംകഥ പോലെ നിലകൊള്ളട്ടെ..  

Monday, September 12, 2011

ബലിമൃഗങ്ങള്‍




എവിടെയും വിധിയുടെ ബലിമൃഗങ്ങള്‍.....
 അവര്‍ കരയുന്നു ചിരിക്കുന്നു ആര്‍ത്തു നിലവിളിക്കുന്നു......
ചിലര്‍ക്ക് നേടിയതിന്റെ ദുഃഖം.......
മറ്റു ചിലര്‍ നഷ്ടങ്ങളോര്‍ത്ത് കേഴുന്നു......
ചിലര്‍ അലഭ്യമായത്തിന്റെ കണക്കെടുക്കുമ്പോള്‍
മറ്റുചിലര്‍ ലഭിച്ചിട്ടും നഷ്ടപ്പെട്ടതിന്റെ  നടുക്കത്തില്‍ കഴിയുന്നു..
എന്നാല്‍ എല്ലാം ലഭിച്ചിട്ടും  മറ്റുപലതിന്റെയും പുറകെ പോകുന്ന വിഡ്ഢികള്‍ വേറെ.
ക്ഷണികമാം ഈ ജീവന്റെ അര്‍ത്ഥ ശൂന്യമാം ചിന്തകള്‍....
വരള്‍ച്ചയില്‍ പെയ്യുന്ന കുളിര്‍ മഴ, മരുഭൂമിയിലെ നീരുറവ അങ്ങനെ അങ്ങനെ ആശ്വാസത്തിന്റെ തൂവല്‍ സ്പര്‍ശങ്ങള്‍ അര്‍ത്ഥശൂന്യമായി മാറിക്കഴിഞ്ഞിരിക്കുന്നു...
അനുഭവത്തിന്റെ ആഴം മറ്റൊന്നിനുമില്ലെന്ന തിരിച്ചറിവിലൂടെ ലക്‌ഷ്യം തെറ്റാതെ നടന്നു നീങ്ങുകയെ വഴിയുള്ളൂ...
പക്ഷെ എത്ര നാള്‍? അതിന്റെ ഉത്തരം മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി നിലകൊള്ളുമ്പോള്‍ ജീവിതത്തില്‍നിന്നു ഒളിചോടുവാന്‍  മനസ്സ് കൊതിക്കുന്നു...
സുഖദുഖങ്ങള്‍ ക്ഷണികമാണ് എന്നുള്ള വിശ്വാസങ്ങള്‍ പാടെ മായിച്ചു കൊണ്ട്
യാത്ര തുടരട്ടെ ...... മരണം വരെ എന്തിനോ വേണ്ടി കാത്തിരിക്കുന്ന മനസ്സുമായി ...... 

Sunday, January 30, 2011

ജല്‍പ്പനങ്ങള്‍

പൂര്‍ണ്ണതയില്‍ എത്താന്‍ കൊതിക്കുന്നു ഓരോ
ചിന്തയില്‍ പിറക്കുന്ന സ്വപ്‌നങ്ങള്‍ മോഹങ്ങള്‍
വിരല്‍ത്തുമ്പില്‍ വിരിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍
മനോതന്ത്രികള്‍ മീട്ടും ഓംകാര മന്ത്രങ്ങള്‍
നിശബ്ദതയിലേക്ക്  എത്തുന്നതെന്തേ ഇന്നും
ചിറകു മുളക്കാത്തോരെന്‍ മോഹ പക്ഷിതന്‍
വിരസമാം ഗാന ശകലങ്ങള്‍, വികലമാം അര്‍ത്ഥ വിരാമമായ്.....

Thursday, January 20, 2011

ലച്ചുമികുട്ടി

"നമുക്ക് അങ്ങേലെ ശങ്കരനെ കൂടെ വിളിച്ചാലോ?"....ലച്ചുമികുട്ടി ചിണുങ്ങി.. അവളുടെ കയ്യിലെ നീല കുപ്പിവള ഇന്നലെ 4 ഉണ്ടായിരുന്നു ഇന്നത് 2 ആയി.... കൈയിലിരുപ്പ് അത്രയ്ക്ക് ആണേ.."എന്തേ നിയ്യ്‌ കുന്തം വിഴുങ്ങ്യോ?" താന്‍ അവളെ പറ്റിയാണ് ഓര്‍ത്തതെന്ന് തെല്ലും ഭാവിക്കാതെ ചന്ദു  പരിഭവിച്ചു "ഓ നിക്ക് ഇപ്പം എല്ലാത്തിനും ഒരു ചന്കരനാ..."
ലച്ചുമികുട്ടി പരിഭവമോന്നും കണക്കിലക്കാതെ തുടര്‍ന്നു.. " ഡാ കഴുതേ നീ വരാനുണ്ടോ? വരനുന്ടെങ്കില്‍ വേഗം വര്വ" അവള്‍ ധൃതി പിടിച്ചു നടന്നു തുടങ്ങി.. അവള്‍ടെ അടുത്ത് കിന്നാരമോന്നും നടക്കില്ലെന്നു അവനറിയാം എന്നാലും.... വെറുതെ..
"തൊടിയില്‍ തെക്കേ വശത്തുള്ള നെല്ലിമരം നീയ് കണ്ടോ ചന്ദു ?"  അവന്‍ ഇല്ലെന്നു കണ്ണിറുക്കി..." ഹോ എത്ര നെല്ലിക്കയനെന്നോ... നെല്ലിമരം ഒടിഞ്ഞു വീഴുമാര് നിക്ക്യാ .... പറിച് ഉപ്പും കൂട്ടി നമുക്ക് അങ്ങേലെ നാരായന്യേടതീടെ കയ്യലേല്‍ കേറിയിരുന്നു കഴിക്കാംട്ടോ..."
ഏതായാലും ഇന്നത്തെ പരുപാടി നേരത്തെ തന്നെ കണക്കുകൂട്ടിയിട്ടാണ്  ആയമ്മേടെ  വരവെന്ന് ചന്ദുവിന് മനസ്സിലായി... "അപ്പൊ നീയ്യ്‌ ശങ്കരനെ കൂട്ടുനുണ്ട് ഇല്യേ?" അവള് തീരുമാനിച്ചാ തീരുമാനിച്ചതാ  അവന്‍ മനസ്സില്‍ കരുതി..
മറുപടി ഒന്നും പറയാതെ ആരോടോ പറഞ്ഞു വച്ചപോലെ അവള്‍ പറമ്പിലെ ഒറ്റയടി പാതയിലൂടെ ഓടിയിഅങ്ങിപ്പോയി... ചന്ദുവിനു അരിശവും സങ്കടവും ഒക്കെ വന്നു.. "എന്നാ ഞാന്‍ ഇല്ല ന്റെ കൂടെ..." അവന്‍ ഉറക്കെ കൂകി വിളിച്ചു...
അവള്‍ തിരിഞ്ഞു നോക്കാതെ യാത്ര തുടര്‍ന്നു.... ചന്ദു തിരികെ പോയാലോ എന്ന് ആലോചിച്ചു പക്ഷെ നെല്ലിക്കയുടെ കാര്യം ഓര്‍ത്തപ്പോ പിന്നാലെ കൂടി.
ദൂരെനിന്നെ ചന്ദു കണ്ടു നെല്ലിമരത്തിന്റെ താഴെ കാത്തു നില്‍ക്കുന്നു ശങ്കരന്‍... "ഹോ ഇവന് വേറെ പണിയൊന്നു മില്ലേ " പിറുപിറുത്തു കൊണ്ട് ചന്ദു ഇറങ്ങി ചെന്ന്.. ചെറിയൊരു പരിഭവം ലച്ചുമിയോടു തോന്ന്യെങ്കിലും അവളുടെ കുഞ്ഞിപ്പല്ല് കാട്ടിയ ചിരിയില്‍ എല്ലാം മറന്നു... അവളുടെ ചരിയുടെ ശബ്ദം അന്തരീക്ഷതിലെവിടെയും നിറയുന്നത് പോലെ തോന്നി...
മുന്‍പിലേക്ക് നീട്ടിയ കയ്യുമായി കണ്ടക്ടര്‍ ചീത്ത വിളിക്കുന്നത് കേട്ടാണ് ചന്ദു ഉണര്‍ന്നത്... പെട്ടന്ന് കീശയില്‍ നിന്നും ചുരുണ്ട് മടങ്ങിയ ഒരു പത്തു രൂപ എടുത്തു നീട്ടി അവന്‍ പറഞ്ഞു " ഒരു തെങ്ങുംകാവ്".. ബാക്കി തന്ന ചില്ലറ എണ്ണി നോക്കാതെ കീശയില്‍ തിരുകുമ്പോള്‍ അയാള്‍ ഓര്‍ത്തു ലച്ചുമികുട്ടിയെ "എന്‍റെ സ്വന്തം ലച്ചുമികുട്ടി"..
തൊട്ടടുത്തിരുന്ന  അപരിചിതനെ നോക്കി ഒരു ചിരി പാസ്സാക്കി അയാള്‍ ചോദിച്ചു "സമയം എന്തായി മാഷേ?" "പതിനൊന്നര" എന്ന് പറഞ്ഞു അയാള്‍ മുഖം തിരിച്ചു.. "ഹും ..വലിയ പ്രകൃതി സ്നേഹിയാവും." അയാള്‍ ആത്മഗതം പറഞ്ഞു.. സ്വയം ചിരിക്കാന്‍ ശ്രമിച്ചെങ്കിലും.. വീണ്ടും ഓര്‍മയുടെ തിരശീല അയാളുടെ വലിഞ്ഞ ചുണ്ടുകളെ ചുരുക്കി.. ഉച്ചക്ക് ഊണിനു മുന്‍പ് ഏതാമെന്നാണ്  പറഞ്ഞത് , സംശയമാണ്... എങ്കിലും ഓര്‍മ്മകള്‍ നിറയുന്ന വഴിയിലൂടെ ബസ് പായുംബോലും ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍ കൌമാരത്തിലേക്ക് വഴിമാറി....
ചുവന്ന ഫുള്‍ പാവാടയും കറുത്ത ബ്ലൌസും ധരിച്ച ലച്ചുമിയുടെ ഓമനത്തമുള്ള ആ മുഖം....അവളുടെ മുടിയിഴകളില്‍ ആയിരം കാട്ടുചോലകളുടെ ഭംഗിയുണ്ടെന്നു പറഞ്ഞപ്പോ നിനക്ക് വട്ടാണെന്ന് പറഞ്ഞു തലയില്‍ കിഴുക്ക്യത്.... എല്ലാം വെറും കടംകഥകളായിരുന്നു എന്ന് അവനറിയില്ലായിരുന്നു..
അന്ന് രാവിലെ തന്നോട് ഒരു രഹസ്യം പരാനുന്ടെന്നു പറഞ്ഞു നാണിച്ചു വിളിച്ചപ്പോലും അവനു ഒന്നും അറിയില്ലായിരുന്നു.. " നിക്ക്... നിക്ക്... ശങ്കരനെ ഒരുപാടിഷ്ടാ.. നിയ്യ്‌ വേണം അച്ഛനോട് പറയാന്‍" എന്ന് വിക്കി വിക്കി പറഞ്ഞപ്പോളും തന്നെ കളിപ്പിക്കനനെന്നാണ് ആദ്യം കരുതിയത്.. പക്ഷെ അവളുടെ കണ്ണില്‍ ഇന്ന് വരെ കാണാത്ത തിളക്കം അന്ന് കണ്ടു.. അവളെ സഹായിക്കാമെന്നേറ്റു ചങ്ക്  പൊട്ടി  തിരികെ നടക്കുമ്പോളും അവള്‍ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചു..
ഇരുളുന്ന ആ സന്ധ്യ നേരത്ത് വേലിക്കല്‍ വന്നു അവള്‍ പോകുന്നു എന്ന്  പറഞ്ഞപ്പോ ഈ ലോകത്ത് നിന്നും  തന്നെ ഓടിപ്പോവാന്‍ തോന്നി.. നടന്നു നീങ്ങുന്ന  വഴിയിലെവിടെയോ നിന്നു അവരുടെ ദീനമായ കരച്ചില്‍ കേട്ടു ഓടിയെത്തിയപ്പോ ഒരു മൃഗത്തെപ്പോലെ അവളെ വേട്ടയാടുന്ന ശങ്കരനെയാണ് അവന്‍ കണ്ടത്...പിന്നെ എല്ലാം യാന്ത്രിക മായിരുന്നു... ഹോ ആ രാത്രി ഇന്നും മറക്കാനാവുന്നില്ല...
തെങ്ങും കാവ് എന്ന്  വിളിച്ചു പറയുന്ന കേട്ടാണ് ചന്ദു ചിന്തയില്‍ നിന്നു ഉണര്‍ന്നത്... കൈയിലുള്ള  തുണി സഞ്ചി തോളില്‍ തൂക്കി അവന്‍ ബുസില്‍നിന്നു ഇറങ്ങി...
അവിടം ആകെ മാറിപ്പോയിരിക്കുന്നു... തടിപ്പലക അടിച്ച പീടികകള്‍ക്ക് പകരം സിമന്റ്‌ തേച്ച കെട്ടിടങ്ങള്‍... ടാറിട്ട റോഡുകള്‍.. അടംബരമേറിയ വാഹനങ്ങള്‍... "പരിഷ്കാരം" അവന്‍ മനസ്സില്‍ പറഞ്ഞു.12 വര്‍ഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍...
ജയില്‍ ചുവരുകള്‍ക്കുള്ളില്‍ ഇതുവല്ലതും  അറിയുമോ?....
സ്മരണകള്‍ കൊഴിഞ്ഞു വീണ വഴികളിലൂടെ അവന്‍ നടന്നു നീങ്ങുമ്പോള്‍ ദൂരത്തായി കണ്ടു നെല്ലിമര ചുവട്ടില്‍ അവനെയും കാത്തു നില്‍ക്കുന്ന അവന്റെ സ്വന്തം ലച്ചുമികുട്ട്യെ.......
(യാഥാര്‍ത്ഥ്യം ആവാം അല്ലെങ്കില്‍ സങ്കല്പ്പമാവാം വായിക്കുന്നവരുടെ യുക്തിക്ക് യോജിക്കുന്ന പോലെ ആവട്ടെ കഥയുടെ അന്ത്യം) 



തിര സ്‌ കൃ ത


വിറയാര്‍ന്ന കൈകളാല്‍ ജനല്‍പാളികള്‍ തള്ളി തുറക്കുമ്പോള്‍,തണുത്ത ഒരു ഇളം  കാറ്റ് അവളുടെ കൈകളെ തഴുകി കടന്നുപോയി… ചൂടുപിടിച്ച ഈജീവിതത്തിലെ ഒരു തണുത്ത ആശ്വാസം... അവള്‍ ദയനീയമായി ഒന്ന് പുഞ്ചിരിച്ചു .
കാലിടറിയ ജീവിത വീഥികളില്‍ അവള്‍ താലോലിക്കാനായി ചില നിമിഷങ്ങള്‍ സോരുക്കൂട്ടിയിരുന്നു ആരെയും വെറുക്കാതെ ഇരിക്കാന്‍ ആര്‍ക്കും ഒരു ഭാരമാവാതിരിക്കാന്‍ അവ തന്റെ ആത്മാവിലേക്ക് പകര്‍ന്ന  ആ ഓര്‍മ്മകള്‍ അവള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു.... മുഖംമൂടി അണിഞ്ഞത് എങ്കിലും ആ തണുത്ത രാവുകളെ ആ വിരിഞ്ഞ പകലുകളെ അവള്‍ പ്രണയിച്ചിരുന്നു.......
 
കണ്ണുകളില്‍ ഇരുള്‍ മൂടിയപ്പോളും മായാത്ത ആ ചിത്രങ്ങള്‍  അവളുടെ  മനസ്സിനെ  തഴുകിക്കൊണ്ടിരുന്നു . ശരീരം  തളരുംബോളും ഹൃദയം  പതറാതെ  ആ വികാരങ്ങളെ  അനുഭവിക്കുകയായിരുന്നു.. ഒരു  ഇരുണ്ട  ഭിത്തിയില്‍  തെളിയുന്ന  പ്രതിബിംബങ്ങള്‍  പോലെ  ഓരോന്നായി   തെളിഞ്ഞു  വന്നു... ചിലത്  കുളിര്മഴപെയ്യിക്കുന്ന  ഒരു  പുലരിയുടെ  കുളിര്‍  പകര്‍ന്നപ്പോള്‍  ചിലത്  തീതുപ്പുന്ന  കടുത്ത  നിറങ്ങളായി  അവളുടെ  മാറിടം  പിളര്‍ന്നു  ചോരകുടിക്കുന്നതിനായി  വെമ്പി   നിന്നു … എന്തിനായിരുന്നു  ഈ  ജന്മം …???

എഴുതിയ  വരികളിലും  വരയുന്ന  ചിത്രങ്ങളിലും  വിഷാദം  മാത്രം  തളംകെട്ടിനില്‍ക്കുന്നതായി   പലപ്പോഴും  തോന്നിയിരുന്നു … തന്റേതു  ഒരു  കഥന  കഥയാണോ … അങ്ങനെ  ചോദിച്ചാല്‍  അല്ല  എന്നാല്‍  ആണു  താനും …

നിറയെ  ചിത്രശലഭങ്ങളും  വര്‍ണ്ണ  ശബളമായ  പൂക്കളും  ഇളം  കാറ്റും  നനഞ്ഞ  സന്ധ്യകളും  തേനൂറുന്ന  മാമ്പഴങ്ങളും  അങ്ങനെ  എല്ലാ  സൌന്ദര്യങ്ങളും   സൌകര്യങ്ങളും  നിറഞ്ഞ  ബാല്യ  കൌമാരങ്ങള്‍ … മനസിലെത്തുന്നത് എല്ലാം  കൈയ്യിലെത്തിക്കുന്ന  മാതാപിതാക്കള്‍ … തനിക്കു  കിട്ടാത്തത്  എല്ലാം  വാങ്ങി  തന്നു  അവളെ  സന്തോഷിപ്പിച്ച  ജ്യെഷ്ടത്തി  അങ്ങനെ  എല്ലാ  സൌഭാഗ്യങ്ങളും  അനുഭവിച്ചത്  ഭാഗ്യമല്ലേ …
അവര്‍ക്ക്  തിരികെ  നല്‍കാനായി  വിദ്യാഭ്യാസത്തെ  കൂട്ടുപിടിച്ച്  നടത്തിയ  സര്‍ക്കസ്സുകള്‍ക്ക്  ഒടുവില്‍ …..
ഹൃദയം  മുഴുവനുമുള്ള  സ്നേഹം  വാരിചോരിഞ്ഞു  തന്നിട്ട്  ഒന്നും  തിരികെ  ആഗ്രഹിക്കാതെ  വേര്‍പിരിഞ്ഞ  അച്ഛന്റെ  സ്നേഹം …

വിങ്ങുന്ന  ഹൃദയം  അമര്‍ത്തിപ്പിടിച്ചു  വിറയ്ക്കുന്ന  കൈകള്‍  കൊണ്ട്  തന്നെ തഴുകി  ഉറക്കിയ  അമ്മയുടെ   വാത്സല്യം…

ലോകം  മുഴുവന്‍  തള്ളി പറഞ്ഞിട്ടും   ഇന്നും ആ  മൂന്നു  വയസ്സുകാരിയെ  സ്കൂളില്‍   കൊണ്ടുപോകുന്ന  പോലെ   അവളുടെ  കയ്യില്‍  മുരുകിപ്പിടിച്ചു  നടത്തിയ  ജ്യെഷ്ട്ടത്തി...

അച്ഛന്റെ  സ്ഥാനത്  നിന്നു  അവളെ  അനുഗ്രഹിച്ച  ജ്യേഷ്ടന്‍  ....

കൌമാരത്തിന്റെ  പ്രണയ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം  ചാര്‍ത്തിത്തന്നു  അഗ്നിസാക്ഷിയായി അവളുടെ  കഴുത്തില്‍  താളിച്ചര്‍ത്തിയ  ജീവിതപങ്കാളി .…

ഇങ്ങനെ  നീളുന്നു  അവളുടെ  ജീവിത  പുണ്യത്തിന്റെ  പ്രതീകങ്ങള്‍ . ….


എന്നിട്ടും  എന്തെ  വിഷാദത്തിന്റെ  കരിനിഴല്‍  ഇന്നും  അവളുടെ  മനസ്സിലേക്ക്  ചായുന്നു …
ഇവയെല്ലാം  അവളുടെ  ജീവന്റെ  നല്ലവശങ്ങള്‍  മാത്രമാണെന്ന് ഒരു  നെടുവീര്‍പ്പോടെ ഇന്ന് അവള്‍ തിരിച്ചറിയുന്നു ..

മറുപുറത്ത്  നിറയുന്ന  ദുഷ്ടശക്തികളോട്  ഏറ്റുമുട്ടുവാനുള്ള  ത്രാണി  ഇന്നവള്‍ക്ക്‌ ഇല്ല  … സ്നേഹത്തിന്റെ  ചങ്ങലയാല്‍  അവളുടെ  കൈകാലുകള്‍  ബന്ധിച്ചിരിക്കുന്നു …

ഒറ്റപ്പെട്ട  ഇരുണ്ട  സന്ധ്യകള്‍,  രാത്രികള്‍ , നിഴല്‍  വീണ  പകലുകള്‍ …. ഇടിമിന്നലിന്റെ   അരണ്ട  വെളിച്ചത്തിലും  അവളുടെ  മേല്‍  ഉറ്റുനോക്കിയ മൂങ്ങകള്‍ … ഇരുട്ടിന്റെ  പടുകുഴിയില്‍  വെളിച്ചമാവേണ്ടവര്‍  അതിനെ  കാരഗ്രഹമാകിയപ്പോള്‍ , അലറിക്കരയുന്നതുപോലും  ഇരുട്ട്  മുറിയുടെ  മരവിപ്പില്‍  അലിഞ്ഞു  ചേര്‍ന്നു … എന്നിട്ടും  അടങ്ങാത്ത  ആ  നീച  ജന്മങ്ങള്‍  സംഹാര താണ്ടാവമാടി  അവളുടെ  പതനം  ആഖോഷിച്ചു...

ഒട്ടിപ്പിടിച്ച  കണ്ണുനീര്‍ സാക്ഷിയായ്  അവള്‍  സ്വയം  സ്വന്തമാക്കിയ  പുതിയ  ലോകത്തിനും  അധികം  ആയുസ്സുണ്ടായിരുന്നില്ല  … പരസ്പരം  മത്സരിക്കുന്ന  ലോകത്തിന്റെ  ചായം താമസിക്കാതെ  അവ്ടെയും  ഒഴികിയെത്തി… മദ  മാത്സര്യങ്ങള്‍ക്ക് നടുവില്‍  വീണ്ടും ഒറ്റപ്പെട്ടപോള്‍  സുരക്ഷിതമെന്നു  കരുതി  നല്‍കിയ  കരങ്ങള്‍,കടന്നു പിടിച്ചു  ഞെരിച്ച  ദിവസങ്ങള്‍ … കണ്ണുനീര്‍  അപ്പോഴും  വറ്റാതെ  ഒഴുകിയിരുന്നു ….
നിറച്ചുവച്ച  മാതൃസ്നേഹം  ദൈവം  കൂടി  നിഷേധിച്ചപ്പോള്‍  തെങ്ങിക്കരയനെ അവള്‍ക്കു  ശക്തി  ഉണ്ടായിരുന്നുള്ളു...

എന്നെകിലും  വരുന്ന   സമാധാനത്തിന്റെ  പ്രതീക്ഷ  അവളുടെ  കണ്ണുകളില്‍  അപ്പോളും  തിളങ്ങിയിരുന്നു … ഒന്നില്‍  നിന്നും  പ്രതിഫലം  പ്രതീക്ഷിച്ചില്ല  പക്ഷെ  സ്നേഹം  അത്  ആഗ്രഹിക്കുന്നത്  മനുഷ്യ  സഹജമല്ലേ …എടുത്താല്‍ പൊങ്ങാത്ത പ്രാരബ്ധങ്ങള്‍ ശ്വാസം മുട്ടിക്കുമ്പോള്‍....  നിഷേധിക്കപ്പെട്ട  സ്നേഹത്തിനു  പകരം  കുറ്റപ്പെടുത്തലുകള്‍  തോലുപോളിച്ചു  അസ്ഥിതുളച്ചു  ചങ്കില്‍   തറച്ചു .. നിലനില്‍പ്പിനായുള്ള  പോരാട്ടത്തെ  അവളുടെ  നിഷേധങ്ങളായി  വിധിയെഴുതി ...  വാസ്തവികതയുടെ  കണ്ണുകള്‍  കെട്ടി  അവളുടെ  ഹൃദയത്തെ  ചാട്ടവാര്‍  കൊണ്ട്  പ്രഹരിച്ചു ... ആ  തേങ്ങലിന് ഇടയിലും   പ്രതീക്ഷ  അവള്‍  കാത്തു  സൂക്ഷിച്ചു.....

വീണ്ടും  ആ ചോദ്യം  അവളുടെ  മനസ്സിലേക്ക്  കടന്നെത്തി … എന്തിനായിരുന്നു  ഈ  ജീവിതം …. ഉത്തരമില്ലാത്ത  ആ  ചോദ്യത്തിന്റെ  ഉത്തരം  തേടി  ഇനി  പോവണ്ട …  ഏതൊക്കെയോ അദൃശ്യ ശക്തികള്‍ വിലക്കി..   മനസ്സ്  ഏകാഗ്രമാക്കി  അവള്‍  ഒരു  നിദ്രയിലേക്ക്  വഴുതി  വീണു …

ചുറ്റിനും  ആരോകെയോ  സംസാരിക്കുന്നു...  വേഗത  കൂടുന്ന  കാല്പ്പെരുമാറ്റങ്ങള്‍ … അടക്കിപറയുന്ന  സംസാരങ്ങള്‍ … ഉയരുന്ന  സാംബ്രാണി  തിരിയുടെ  സുഗന്ധം …അവള്‍   കണ്ണുകള്‍  വലിച്ചു  തുറക്കാന്‍  ശ്രമിച്ചു  പക്ഷെ  സാധികുന്നില്ല  കൈകാലുകള്‍ക്കു  വല്ലാത്ത  ഭാരം …. ആരൊക്കെയോ  ചേര്‍ന്ന്  തന്നെ  താങ്ങിയെടുക്കുന്നുവോ? … ഒന്നും  മനസ്സിലാകുന്നില്ല … അതിലേതോ  ഒരു  കൈയ്യുടെ  സ്പര്‍ശത്താല്‍   ഹൃദയം ഒന്ന് പിടച്ചു, ആദ്യമായി കിട്ടിയ പ്രണയ ചുംബനത്തില്‍ എന്നപോലെ  … നിശബ്ദമായ  ഏതാനും  നിമിഷങ്ങള്‍ കടന്നു പോയി ….

പെട്ടെന്ന്  തണുത്ത്  ഉറയുന്നതു  പോലെ...  വല്ലാത്ത  തണുപ്പ് … രക്തം  കട്ടപിടിപ്പികുന്ന  മരവിപ്പ്..... ഒരു  ശീതീകരണിയില്‍ അകപ്പെട്ടപോലെ…. അപ്പോളും ചുറ്റിനും ആരൊക്കെയോ  അടക്കം  പറയുന്നുണ്ടായിരുന്നു ... കാതുകൂര്‍പ്പിച്ചു അവള്‍ ശ്രദ്ധിച്ചു… ഏതോ സ്ത്രീ ശബ്ദത്തിന്റെ പ്രതിധ്വനി അവളുടെ കാതുകളില്‍ വീണ്ടും വേണ്ടും മുഴങ്ങി...


നാളെയേ  കാണുള്ളൂ … അവരൊക്കെ  അംഗൂന്നു എത്തെണ്ടായോ?”
 

Monday, January 17, 2011

ഒരു വശമുള്ള നാണയങ്ങള്‍

"ജീവിതം സുഖ ദുഃഖ സമ്മിശ്രം", "ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സുഖവും ദുഖവും", " ഒരു കയറ്റത്തിന് ഒരു ഇറക്കവും  ഉണ്ടാവും".............. ഇങ്ങനെ തുടരുന്ന ആശ്വാസ വാക്കുകളോട് ഇന്നവള്‍ക്ക്‌ പരമ പുച്ഛമാണ്. തീറെഴുതിയ ദുഃഖങ്ങള്‍ ഓരോന്നായി ഏറ്റുവാങ്ങുംബോളും മനം പൊള്ളി വാവിട്ടു കരഞ്ഞപ്പോളും അവയെല്ലാം മറുപുറം തേടിയുള്ള  ഒരു കുതിച്ചു പാച്ചിലില്‍ ചെന്നെത്തിച്ചുട്ടുണ്ട്....പക്ഷെ ഇന്നവള്‍ മനസിലാക്കുന്നു... അവയെല്ലാം അവളെ നോക്കി ചിരിച്ചു പരിഹസിച്ചിരുന്നു...  തന്നെ കബളിപ്പിച്ച് കടന്നുപോയ ഓരോ സംഭവങ്ങളെയും  ഓര്‍ത്ത് സ്വയം ശപിക്കുംബോളും ഹൃദയത്തിന്റെ ഏതോ കോണില്‍ ഒളിച്ചു വച്ചിരുന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങിനെ  കഴുത്തു  ഞെരിച്ചുകൊന്നിട്ട് അവള്‍ നഗ്ന പാദ ആയി  തീയിലേക്ക് നടന്നടുക്കുന്നു...
                  എന്തും നേരിടുവാനുള്ള കരുത്ത് ഇന്നവള്‍ ആര്‍ജിച്ചുകഴിഞ്ഞു .  തീയില്‍ കുരുത്ത ഹൃദയമിടിപ്പുകളുടെ താളത്തില്‍ മുന്‍പോട്ടെടുത്തു വെക്കുന്ന ഓരോ കാല്‍വെയ്പ്പിലും മറഞ്ഞിരിക്കുന്ന കാലത്തിന്റെ കുരുക്കുകള്‍  ഇന്നവള്‍ക്ക്‌ സ്വന്തം അവകാശങ്ങളായി തോന്നുന്നു. കരിങ്ങല്ലില്‍ തീര്‍ത്ത അവളുടെ നെഞ്ചില്‍ വികാരങ്ങള്‍ വറ്റിയ ഒരു തീക്കനല്‍ നീറിപ്പുകയുന്നു. പണ്ട് ജീവനോടുക്കുവാന്‍ തുനിഞ്ഞപ്പോലും തന്നെ വിലക്കിയ  വികാര തീക്ഷ്ണതയെ പരിഹസിച്ചു തള്ളി ഇനി ഒരു ജന്മം വേണ്ട എന്നതുകൊണ്ട്‌ മാത്രം ഭീരുവായി സ്വയം മരണത്തിന്റെ നിഴല്‍ പറ്റാന്‍ അവള്‍ തയ്യാറായില്ല .... എല്ലാറ്റില്‍ നിന്നും ഒരു മോക്ഷം.... സര്‍വ ചരാചരങ്ങളുടെയും അന്തിമ ലക്‌ഷ്യം. ആ മോക്ഷത്തെ മനസ്സില്‍ കൊളുത്തി അതിന്റെ വെളിച്ചതിലാവട്ടെ ശേഷിച്ച കാലം.
                                  ഒരു നെടുവീര്‍പ്പില്‍ അര്‍ത്ഥവിരാമം തീര്‍ത്തു ചുറ്റിനുമുള്ള ലോകത്തേക്ക് അവള്‍ കണ്ണോടിച്ചു.. ഒരേ വികാരങ്ങളുള്ള പല പ്രായത്തിലുള്ള മുഖങ്ങള്‍ അവള്‍ കണ്ടു.... നിരാശയുടെ പടുകുഴിയില്‍ തേങ്ങുന്ന ഒരു കൂട്ടം കരങ്ങള്‍  അവള്‍ തന്റെ സാരി തലപ്പില്‍ കൂട്ടിബന്ധിച്ചു. ഒരു അച്ചില്‍ കെട്ടിയ കാളകള്‍ ആകുന്ന  ആ സമൂഹം അവളുടെ കാല്‍ പാദങ്ങളില്‍ അവരുടെ കാല്‍പാദങ്ങള്‍ പതിപ്പിച്ചു അവളുടെ നിഴലിന്‍ തണല്‍ പറ്റി നിന്നു.... അവരുടെ വിരല്‍ ചൂണ്ടുന്ന ദിക്കിലേക്ക് അവള്‍ പ്രയാണം തുടങ്ങി കരിഞ്ഞുണങ്ങിയ മരുഭൂമിയില്‍ അന്നാദ്യമായി കുളിര്‍മഴ പെയ്തു....ആ സ്നേഹ വര്‍ഷത്തില്‍ അടിമുടി നനഞ്ഞു അവള്‍ അന്നാദ്യമായി പുഞ്ഞിരിച്ച്ചു.. രക്തം വരണ്ട അവളുടെ ചുണ്ടുകളില്‍ ഒരു കൂട്ടം നിരലംബരുടെ പ്രതീക്ഷയുടെ തേന്‍കണം പൊടിഞ്ഞു... കൈകാലുകളില്ലേക്ക് അമാനുഷികമായ ഊര്‍ജം ഇരച്ചു കയറി. ഹൃദയത്തില്‍ ഒരു അശരീരി മുഴങ്ങി... "ഇതാണ് നിന്റെ ലകഷ്യവും മോക്ഷവും..."

Thursday, January 13, 2011

എന്‍റെ പ്രണയത്തിന്‌

ഒരു വാക്കുകൊണ്ടുപോലും എന്നെ പിരിയാത്ത എന്‍ പ്രണയമേ...
ഒരു നോക്കിനാലെ നീ അന്നും എന്നോട് പ്രണയമെന്നോതിയില്ലല്ലോ....
അറിയുന്നതാ രാഗമെന്നാലും നിനവില്‍ ഞാന്‍ അറിയാതെ പോയനുരാഗം
പറയാതെ പറയുന്ന നിന്‍ കണ്ണുകള്‍ അന്നും എന്നില്‍നിന്നു മറച്ചിരുന്നു 
ഞാന്‍  അറിയുന്നു നീ എന്‍ ആത്മാവിന്റെ നേര്‍മറുപകുതി എന്ന് 
പൊലിയാതെ പോയ എന്‍ ആശതന്‍ നിറകതിര്‍ പീലിയെന്ന്....
ഒരുനാള്‍  ഈ വാക്കുകള്‍ മാത്രമാകും ഞാന്‍ എന്ന സത്യത്തെ തിരിച്ചറിയാന്‍ 
മുഖം തിരിക്കാതെ അന്ന് പറയുക ലോകത്തോട്‌ നിന്‍ കരളില്‍ ഒളിക്കും പ്രണയത്തെ...


 

കലികാല വൈഭവം (a short review)

അന്തരീക്ഷം പ്രതികരിക്കുന്നു
തണുപ്പ് ചൂടിനേയും ചൂട് തണുപ്പിനെയും പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നു....
എന്നിട്ട് ആരുജയിക്കുന്നു ആര് തോല്‍ക്കുന്നു ?
ജീവിക്കുവനായ് പൊരുതുന്ന മാനുഷര്‍ മാത്രം തോല്‍വിക്ക് ഇരകളാകുന്നു...
കുബേരന്മാരോ തണുത്ത മുരിക്കുള്ളിലായ് ഓടി ഒളിക്കുന്നു ഭീരുക്കളായി...
ആര് ജനിക്കുന്നു ആര് മരിക്കുന്നു എന്തുതന്നയാലും പത്ര വാര്‍ത്തകള്‍ മാത്രം..
കലികാല വൈഭവങ്ങളായവ പുതിയ പരമ്പരകളെ കൊല്ലുന്നു..
എവ്ടെ ആര്‍ക്കാണ്  ചികിത്സ നല്‍കേണ്ടത്?  
വിറയ്ക്കുന്ന കൈകളാല്‍ കുഴലുകലെടുത്തു ഞാന്‍ നിര്‍വികരയായ് നോക്കിനില്‍ക്കുന്നു.....

Wednesday, January 12, 2011

വെറുമൊരു ആത്മഗതം

"നിനച്ചതെന്നെങ്കിലും വരുമൊരു നല്ലനാള്‍
ക്ഷണമിതൂവന്നതോ  നടുക്കുമാ കാലപാശങ്ങള്‍ ...... "

സാഹിത്യമഞ്ജരി

"ആ യത്നിക്കും പിശചിനുടനിവനിരയായി പോകിലാകട്ടെ തൃഷ്ണ-
യ്ക്കായത്തന്‍  ഞാന്‍ ഒരാള്‍ക്കെങ്കിലും ഉപകൃതിയെ ചെയ്തുവെന്നാകുമല്ലോ...."
                                                                                  - സാഹിത്യമഞ്ജരി

നിരന്തരം യത്നിക്കുന്ന മരണമാകുന്ന പിശാചിന് അടിപ്പെട്ടുപോകുമെങ്കില്‍ ആവട്ടെ.... സ്വാര്‍ത്ഥനായ ഞാന്‍ ഒരാള്‍ക്കെങ്കിലും ഉപകാരം ചെയ്തുവെന്ന്  കൃതാ'ത്ഥനാകാമല്ലോ...

കാട്ടാളര്‍

അവരെന്റെ കാലുകള്‍ കൂട്ടിബന്ധിച്ചൊരു ശരശൈയ്യ തീര്‍ത്തതില്‍ എന്നെക്കിടത്തി
അഗ്നിഗോളങ്ങള്‍ക്ക് നടുവിലായെന്നെ അവര്‍ തുരുതുരെ പ്രഹരിച്ചുകൊണ്ടിരുന്നു
എന്തിനായെന്നു ഞാന്‍ ചോദിച്ചതില്ലന്നു ഹൃദയം സ്നേഹത്താല്‍ ബന്ധിച്ചിരുന്നു
എവിടെ എനിക്കൊരു മോചനമെന്ന് ഞാന്‍ ദൈവത്തിനോടന്നു ആരാഞ്ഞിരുന്നു

സ്നേഹത്തിനിങ്ങനൊരു രൂപമുണ്ടോ എന്ന് അറിയാതെ ആത്മഗതം ഉയരവേ
ചിറകു മുളക്കാത്തോരീ കുഞ്ഞിളം കിളിയെയവര്‍ നിര്‍ദയം മര്‍ദിച്ചുകൊണ്ടിരുന്നു
ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ളിലൊതുക്കി അവള്‍ നിഷ്ക്രിയയായി നോക്കിനില്‍ക്കുന്നു
ഈ കാട്ടാള ജന്മങ്ങളുടെ ഹൃദയം സ്നേഹം വറ്റിയൊരു മരുഭൂമിയായ് തീര്‍ന്നുവോ

പക്ഷിതന്‍ കൂട് പൊളിച്ചവര്‍ ആനന്ദ നൃത്തമാടുന്നു പോര്‍വിളികള്‍ മുഴക്കുന്നു
പെരുമ്പറകള്‍ കൊട്ടിയവര്‍ അവളുടെ പരുശുദ്ധിയെ പരിഹസിക്കുന്നു
ശരശയ്യയില്‍ പിടയുന്ന മനസ്സുമായവള്‍ പുളയവേ അര്‍ഥം അറിയാതെ ഉഴലവേ
ഉറയുന്ന തീ പന്തകള്‍ ചുറ്റിനും  കാട്ടുതീയായി പടര്‍ന്നു ആളി നിറയുന്നു

രക്ഷിക്കുവനായ് തനിക്കാരുമില്ലെന്നു കണ്ണുനീര്‍ വാര്‍ത്തു തേങ്ങിക്കരയുന്നു
ആലംബം അറ്റ് അവള്‍ കേഴുന്നു പുലമ്പുന്നു വിമ്മിക്കരയുന്നു കണ്ണീര്‍ പൊഴിക്കുന്നു
ദയവു കാണിക്കുവാന്‍ കെഞ്ചുന്ന അവളുടെ പിതൃത്വത്തെ ചവിട്ടി അരയ്ക്കുന്നു
ആര്‍ത്തു ചിരിച്ചു  വീണ്ടുമവര്‍ നിശാചര ലീല തുടരുന്നു കുഴലുകള്‍ വിളിക്കുന്നു

പോര്‍ക്കളം ഒരുക്കുന്നതെല്ലാം കാട്ടാളരല്ല അവര്‍ സ്വന്തം ചോരയുടെ നിറമുള്ളവര്‍

പോര്‍ക്കളം ഒരുക്കുന്നതെല്ലാം കാട്ടാളരല്ല അവര്‍ സ്വന്തം ചോരയുടെ നിറമുള്ളവര്‍ !!!!

പ്രതീക്ഷ

ഇലകള്‍ കൊഴിഞ്ഞൊരു  ശരത്കാല യാമത്തില്‍
തിരികെവരാത്തൊരു  വസന്തത്തെ കാത്തുഞാന്‍.......
പുലരിയെത്തേടുന്ന നിശാശലഭത്തെപ്പോലെ
കാത്തിരുന്നിന്നും എന്‍ പടിപ്പുരയില്‍ ഏകയായ്
ഇരുള്‍മൂടിയൊരു  കാലഘട്ടത്തിന്‍ മുറിപ്പാടുകള്‍ത്തന്‍
വ്രണങ്ങളില്‍ വറ്റാത്ത നിണം പൊടിയവേ
വിറയാര്‍ന്ന മേനി തളര്‍ന്നു ഞാന്‍ ഇന്നുമെന്‍
 പ്രതീക്ഷയില്‍ മനം നട്ട് മിഴിനട്ടിരിക്കുന്നു.....
പോലിഞ്ഞുപോയൊരാ  പിത്രുത്വത്തെയോര്‍ത്തെന്‍
ദേഹവും ദേഹിയും പിടഞ്ഞിന്നും കേഴവേ
നടന്നോളിച്ചോരെന്‍  ജീവന്റെ നന്മ എന്നെങ്കിലും
മുളയ്ക്കുമോ എന്‍ ഭാഗ്യവൃക്ഷത്തിന്‍ തളിരായ്
ഋതുഭേദങ്ങള്‍ പലതും വിടപറഞകന്നിട്ടും
വറ്റാത്ത മാതൃത്വം മനസ്സില്‍ നിറച്ചു സൂക്ഷിച്ചു ഞാന്‍
അനുപമ അതുല്യമാം ആ സ്നേഹമാധുര്യം  നാവില്‍
പകരുവാന്‍ കാത്തിരിക്കുന്നെന്നും നിസ്സഹായയായ്....

Tuesday, January 11, 2011

നിസ്സഹായത

  
തിരിച്ചറിയുന്നു  ഞാന്‍ ഈ  നിറയുന്ന ശൂന്യതയെ
കടുത്ത നിറക്കൂട്ടുകള്‍ വരയ്ക്കുന്ന വിരൂപ സ്വപ്നങ്ങളെ
പകര്‍ത്തുവാനാവാതെ  വിതുംബുന്നോരെന്‍ മനോവീണതന്‍ തന്ത്രികള്‍
 നിറങ്ങള്‍ വറ്റുന്ന എന്‍ കഴിഞ്ഞകാലത്തിന്‍ സവര്‍ണ ചിത്രങ്ങളെ